ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളി എ.ജി പെരറിവാളന്റെ മോചനം നാല് ദിവസത്തിനുള്ളില്‍ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് തീരുമാനിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച വിഷയം ബഞ്ച് നാല് ആഴ്ചത്തേക്ക് മാറ്റി. കേന്ദ്രത്തെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.
കേസിലെ ഏഴു പ്രതികളെയും വിട്ടയയ്ക്കാന്‍ 2018-ല്‍ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇതുവരെ തീരുമാനമെടുത്തില്ല. പ്രതികളുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളി. തുടര്‍ന്നാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ തങ്ങളുടെ അധികാരപരിധി വിനിയോഗിക്കാന്‍ ഇപ്പോള്‍ തയാറാകുന്നില്ലെന്നു വ്യക്തമാക്കിയ കോടതി, സര്‍ക്കാര്‍ ശിപാര്‍ശ രണ്ടുവര്‍ഷത്തോളം വച്ചു വൈകിപ്പിച്ച ഗവര്‍ണറുടെ നടപടിയില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു.
തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ബെന്‍വാരിലാല്‍ പുരോഹിത് മൂന്നു നാലു ദിവസത്തിനുള്ളതില്‍ തീരുമാനമെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്. ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ഹേമന്ദ് ഗുപ്ത, അജയ് റസ്തഗി എന്നിവരടങ്ങിയ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്.