സ്പീക്കര്‍ക്കെതിരേ അവിശ്വാസ പ്രമേയം: പ്രമേയം തളളിയതിനെ തുടര്‍ന്ന് വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ സഭ വിട്ട് പ്രതിപക്ഷം

തിരുവനന്തപുരം: ഡോളര്‍ കടത്ത്, സഭാ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ തദ്സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നിയമസഭയില്‍. എം ഉമര്‍ എംഎല്‍എയാണ് പ്രമേയം അവതരിപ്പിച്ചത്. സ്പീക്കര്‍ക്കെതിരേ പ്രമേയം അവതരിപ്പിക്കേണ്ടിവന്നത് ദൗര്‍ഭാഗ്യകരണമാണെന്നും അതേസമയം, ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രമേയം രാഷ്ട്രീയപ്രേരിതമോ വ്യക്തിപരമോ അല്ലെന്നും സഭയുടെ അന്തസ്സിടിച്ച സ്പീക്കറെ നീക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ പ്രമേയ അവതരണത്തെ പിന്തുണച്ചു. തനിക്കെതിരായ പ്രമേയമായതിനാല്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഡയസില്‍ നിന്ന് മാറി. തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിക്കാണ് സഭയുടെ നിയന്ത്രണം. വസ്തുതകളുടെ പിന്‍ബലമില്ലാത്ത പ്രമേയമാണ് അവതരിപ്പിച്ചതെന്നും പ്രതിപക്ഷ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സംശയത്തിന്റെ പൊടി പോലും അവശേഷിക്കരുതെന്ന് ഭരണപക്ഷത്തിന് നിര്‍ബന്ധമുള്ളതിനാലാണ് പ്രമേയത്തിന് അവതരണാനുമതി ലഭിച്ചതെന്ന് എസ് ശര്‍മ പറഞ്ഞു.

പ്രമേയം തളളിയതിനെ തുടര്‍ന്ന് വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ പ്രതിപക്ഷം സഭ വിട്ടു. സ്പീക്കറുടെ സ്ഥാനത്ത് നിന്ന് പി. ശ്രീരാമകൃഷ്ണന്‍ മാറിനില്‍ക്കുമെന്ന് പറയുമെന്നാണ് തങ്ങള്‍ കരുതിയതെന്നും അത് പറയാത്തതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് എണ്ണി എണ്ണി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കി. പ്രതിപക്ഷത്തെ കടന്നാക്രമിച്ചുള്ള കൃത്യതയും വ്യക്തതയുമുള്ള മറുപടിയായിരുന്നു അദ്ദേഹത്തിന്റേത്. ഇത് പ്രതിപക്ഷത്തെ ചൊടിപ്പിക്കുകയും ചെയ്തു. ശ്രീരാമകൃഷ്‌ന്റെ മറുപടി പ്രസംഗം കഴിഞ്ഞ സെക്കന്റില്‍ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റ് ഇറങ്ങിപ്പോക്ക് പ്രഖ്യാപിക്കുകയായിരുന്നു. 17വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് ഒരു പ്രമേയം ചര്‍ച്ചയ്ക്ക് വരുന്നത്. രണ്ടുമണിക്കൂറായിരുന്നു പ്രമേയത്തിന്മേലുളള ചര്‍ച്ചക്കായി അനുവദിച്ചത്. എന്നാല്‍ ചര്‍ച്ച മൂന്നേമുക്കാല്‍ മണിക്കൂറോളം നീണ്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →