ബീജിംഗ്: ആലിബാബ സ്ഥാപകൻ ജാക്ക് മാ ഒക്ടോബറിനു ശേഷം ആദ്യമായി പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ടു എന്ന് റിപ്പോർട്ട്. ചൈനയിലെ 100 അധ്യാപകരുമായി മാ വീഡിയോ മീറ്റിങ്ങിലൂടെ കൂടിക്കാഴ്ച നടത്തി എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ജാക്ക് മായെ രണ്ട് മാസമായി കാണാനില്ലെന്നയിരുന്നു റിപ്പോർട്ട്. ചൈനീസ് സർക്കാരിനെ വിമർശിച്ചതുമായി ബന്ധപ്പെട്ട് മായും അദ്ദേഹത്തിൻ്റെ നിയന്ത്രണത്തിലുള്ള ആന്റ് ഗ്രൂപ്പും നിയന്ത്രണത്തിലാണ്. ഇതിനു പിന്നാലെയാണ് ജാക്ക് മായെ കാണാതായത്.
തന്റെ സ്വന്തം ടാലന്റ്ഷോ ആയ ആഫ്രിക്കാസ് ബിസിനസ് ഹീറോയുടെ അവസാന എപ്പിസോഡിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ആഫ്രിക്കയിലെ മികച്ച സംരംഭകരെ കണ്ടെത്താൻ നടത്തിയ ഷോയുടെ അവസാന എപ്പിസോഡ് നവംബറിലായിരുന്നു. ഈ എപ്പിസോഡിൽ ആലിബാബ എക്സിക്യൂട്ടീവ് ആണ് അദ്ദേഹത്തിനു പകരം എത്തിയത്. കഴിഞ്ഞ മാസം ആലിബാബ ഗ്രൂപ്പിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ലോകമെമ്പാടും നിക്ഷേപമുള്ളയാളാണ് ജാക്ക് മാ. ഇന്ത്യയിൽ പെടിഎം, സൊമാറ്റോ അടക്കമുള്ള ആപ്പുകളിലും അദ്ദേഹത്തിനു നിക്ഷേപമുണ്ട്.