ബുലന്ദ്ഷഹർ: മൊബൈൽ ഫോൺ തട്ടിയെടുക്കാൻ തന്നെ ട്രക്കിനു മുന്നിലേക്ക് തള്ളിയിട്ട കള്ളനെ സിനിമാ സ്റ്റൈലിൽ പിടികൂടിയിരിക്കുകയാണ് ഉത്തർപ്രദേശിലെ ഒരു 26 കാരി. ട്രക്കിനു മുന്നിൽ നിന്നും പിടഞ്ഞെഴുന്നേറ്റ് സ്വന്തം ജീവൻ രക്ഷിച്ച യുവതി കള്ളനെ ഓടിച്ചിട്ട് പിടികൂടുകയും ചെയ്തു.
ബുലന്ദ്ഷഹർ നഗരത്തിലെ സെക്കന്ദ്രബാദ് പ്രദേശത്ത് 16/01/21 ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഒരു കോളേജിൽ ജോലി ചെയ്യുന്ന മീന എന്ന യുവതിയാണ് തിരക്കേറിയ തെരുവിൽ നിന്ന് ആക്രമിക്കപ്പെട്ടത്. ട്രക്കിനു മുന്നിൽ നിന്നും ഉരുണ്ടു നീങ്ങി സ്വന്തം ജീവൻ രക്ഷിച്ച യുവതി സമയം പാഴാക്കാതെ, കുറച്ച് വഴിയാത്രക്കാരുടെ സഹായത്തോടെ ആക്രമണകാരിയെ പിന്തുടർന്ന് പിടിക്കുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സംഭവത്തിന്റെ വീഡിയോയിൽ, തിരക്കേറിയ തെരുവിലൂടെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ മീന പ്രതിയെ മർദ്ദിക്കുന്നത് കാണാം. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
യുവാവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ബുലന്ദഷാർ പോലീസ് ട്വീറ്റിൽ അറിയിച്ചു.