പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ അടുത്ത അഞ്ചു വര്‍ഷത്തേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന സംയുക്ത പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലയിലെ വിഷയ മേഖലാ വിദഗ്ധര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, എന്നിവരടങ്ങിയ ആദ്യയോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ.എന്‍. ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് കെ.എന്‍.ഹരിലാല്‍ നിര്‍ദേശിച്ചു. പദ്ധതി നിര്‍വഹണം ജില്ലാ ആസൂത്രണ സമിതി സൂക്ഷ്മമായി നിരന്തരം വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്ന സംയുക്ത പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനും യോഗം തീരുമാനിച്ചു.
ത്രിതല പഞ്ചായത്തുകളുടെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സംയുക്താ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ടൂറിസം രംഗത്ത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായും വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷനുമായും ചേര്‍ന്ന് വിവിധ പദ്ധതികള്‍ നടപ്പാക്കും. സംസ്ഥാന ബജറ്റ് നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പാരമ്പര്യേതര ഊര്‍ജത്തിന് പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ഇതിനായി കെഎസ്ഇബിയുമായി ചര്‍ച്ച നടത്തും. പ്രവാസികളുമായി സംവദിച്ച് അവരുടെ ഉന്നമനത്തിന് പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളും. പൈതൃക കലാ സംരക്ഷണത്തിന് ഊന്നല്‍ നല്‍കും. ജില്ലയിലെ പമ്പാ നദീതട സംരക്ഷണത്തിനായി പമ്പാ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കും. ഇതിനായി ആലപ്പുഴ ജില്ലാ പഞ്ചായത്ത് സമിതിയുമായി ചര്‍ച്ച നടത്തും.
കുടിവെള്ളം, മഴവെള്ള സംഭരണം, ഭൂഗര്‍ഭജല വിതാനം ഉയര്‍ത്തല്‍ തുടങ്ങിയ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ഖരമാലിന്യ സംസ്‌കരണവും നടപ്പാക്കും. കോളജ് വിദ്യാര്‍ഥികളില്‍ നിന്നും പുതിയ ആശയങ്ങള്‍ ശേഖരിച്ച് പ്രധാനപ്പെട്ടവ നടപ്പാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.
കോവിഡിന്റെ സാഹചര്യത്തില്‍ പൊതുശ്മശാനങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്ന് എഡിഎം അലക്സ് പി. തോമസ് പറഞ്ഞു. ജില്ല ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും എല്ലാ സഹകരണവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.