തിരുവനന്തപുരം: സംസ്ഥാനത്തെ ജലക്ഷാമത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ജലബഡ്ജറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വയനാട് കല്‍പ്പറ്റ ബ്ലോക്കിലെ മുട്ടില്‍ പഞ്ചായത്തില്‍ ജല ഉപയോഗം, ലഭ്യത എന്നിവയുടെ കണക്കെടുപ്പ് നടന്നുവരികയാണ്. മറ്റു ജില്ലകളിലും തിരഞ്ഞെടുത്ത ഓരോ ബ്ലോക്ക് പഞ്ചായത്തില്‍ വീതം ജലബഡ്ജറ്റ് തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അടുത്ത ഘട്ടങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്്ഥാപനങ്ങളിലും ജലബഡ്ജറ്റ് തയ്യാറാക്കും.
കാലാവസ്ഥ വ്യതിയാനം മൂലം മഴക്കാലത്ത് വെള്ളപ്പൊക്കവും വേനല്‍ക്കാലത്ത് കടുത്ത വരള്‍ച്ചയും ഉണ്ടാകുന്ന സാഹചര്യത്തില്‍ ഭൂമിയില്‍ പെയ്തു വീഴുന്ന ജലം പരമാവധി ഭൂജലമായും ഉപരിതല ജലസ്രോതസ്സുകളിലും സംരക്ഷിച്ച് നിര്‍ത്തേണ്ടതുണ്ട്. അതോടൊപ്പം ലഭ്യമായ ജലം മലിനമാകാതെയും നിലനിര്‍ത്തണം. ജല ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും ഉപയോഗം ക്രമപ്പെടുത്തുന്നതിനും ശാസ്ത്രീയ അടിത്തറയോടുകൂടിയ ജനകീയ പ്രവര്‍ത്തനമാണ് ജലബഡ്ജറ്റിംഗിലൂടെ ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്നത്. വേനല്‍ക്കാലത്തെ ആവശ്യങ്ങള്‍ക്കുള്ള ജല ലഭ്യതയാണ് പ്രധാനമായും ജലബഡ്ജറ്റില്‍ പരിഗണിക്കുന്നത്. സംസ്ഥാനത്ത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റ് (CWRDM) പോലെയുള്ള സ്ഥാപനങ്ങള്‍, എന്‍ജിനിയറിങ് കോളേജുകള്‍, മറ്റു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയുടെയെല്ലാം സാങ്കേതിക വൈദഗ്ധ്യം ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. ജലബഡ്ജറ്റിംഗിനായി സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ കമ്മിറ്റി സമര്‍പ്പിച്ച മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ശാസ്ത്രീയമായ മണ്ണ്-ജല പരിപാലനം, നീര്‍ത്തടമാസ്റ്റര്‍ പ്‌ളാനുകളിലൂടെ കുളങ്ങളുടെ നവീകരണം, തോടുകളുടെ പുനസ്ഥാപനം, തടയണകളുടെ നിര്‍മ്മാണം, മഴവെളള സംരക്ഷണം എന്നിവ ജലവിഭവ വകുപ്പും ഹരിത കേരള മിഷനും ഏറ്റെടുത്ത് നടത്തിവരികയാണ്. 2017-18 വര്‍ഷത്തില്‍ മാത്രം 536 കുളങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു. ചെക്ക് ഡാമുകളും റെഗുലേറ്റര്‍ കം ബ്രിഡ്ജുകളും നിര്‍മ്മിച്ചു. ജലസ്രോതസ്സുകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, അയ്യായ്യിരത്തിലധികം കുഴല്‍ക്കിണര്‍, കൈപമ്പുകളുടെ അറ്റകുറ്റപ്പണികള്‍, 300ലധികം ചെറുകിട കുടിവെളള പദ്ധതികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍, മഴവെളള സംഭരണി നിര്‍മ്മാണം എന്നിവ നടന്നു വരുന്നു.