തിരുവനന്തപുരം വിമാനത്താവളം, കരാർ ഒപ്പിട്ട് അദാനി ​ഗ്രൂപ്പും എയർപോർട്ട് അതോറിറ്റിയും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കുന്ന കരാര്‍ യാഥാർത്ഥ്യമായി. എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എയർപോർട്ട് കമ്പനിയും തമ്മിലാണ് കരാറില്‍ ഒപ്പിട്ടത്. ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളത്തിന്റെ കൈമാറ്റ കരാർ നടപടികളും ചൊവ്വാഴ്ച(19/01/21) പൂർത്തീകരിച്ചു.

ഇനിയുള്ള മൂന്ന് മാസത്തിനുള്ളിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എയർപോർട്ട് ഗ്രൂപ്പ് പൂർണമായി ഏറ്റെടുക്കും. അന്‍പത് വര്‍ഷത്തേയ്ക്കുള്ള എയർപോർട്ടിന്റെ നടത്തിപ്പ് അധികാരമാകും ഇതോടെ അദാനി ഗ്രൂപ്പിന് സ്വന്തമാകുക. ചൊവ്വാഴ്ച ഡൽഹിയിലെ എയർപോർട്ട് അതോറിറ്റിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കൈമാറ്റ നടപടിയുമായി ബന്ധപ്പെട്ട കരാർ നടപടികൾ ഇരു വിഭാഗവും പൂർത്തീകരിച്ചു. അദാനി എയർപോർട്ട് ഗ്രൂപ്പിന് വേണ്ടി സി.ഇ.ഒ ബഹ്നാന്ദ് സാൻടിയും എയർപോർട്ട് അതോറിറ്റിക്ക് വേണ്ടി എൻ.വി. സുബ്ബറായിഡുവുമാണ് കരാറിൽ മഷിപുരട്ടിയത്. നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാമാകും തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി അദാനി എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡ് നിർവഹിക്കുക.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹർജി ഇപ്പോൾ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തൊഴിലാളി സംഘടനകളുടെ അടക്കം കടുത്ത എതിർപ്പ് തള്ളിയാണ് കരാർ യാഥാർത്ഥ്യമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →