അര്‍ണബിന്റെ ചാറ്റ് വെളിപ്പെടുത്തുന്നത് ഗുരുതരമായ കാര്യങ്ങളെന്നും സർക്കാർ അന്വേഷണം നടത്തണമെന്നും ശശി തരൂർ

ന്യൂഡല്‍ഹി: റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

അര്‍ണബിന്റെ ചാറ്റ് അപലപനീയമായ മൂന്ന് കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നതെന്ന് തരൂര്‍ പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെങ്കില്‍ പിന്നെ ആരാണ് അന്വേഷണം നടത്തുക എന്നും തരൂര്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

”ഇപ്പോള്‍ വിവാദമായിരിക്കുന്ന ലീക്കായ വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്:

(1) രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങള്‍ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങള്‍ക്ക് വേണ്ടി വെളിപ്പെടുത്തുക എന്നത്; (2) ‘രാജ്യസ്‌നേഹി’യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ നമ്മുടെ 40 പട്ടാളക്കാരുടെ മരണം ‘നമ്മള്‍ വിജയിച്ചു’ എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത്; (3) ടി.ആർ.പി യുടെ വഞ്ചനാപരമായ കൃത്രിമത്വം.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെങ്കില്‍ (ഈ വിഷയത്തിലടങ്ങിയ സങ്കീര്‍ണ്ണമായ ചതിയുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ഇതിനെതിരെ അന്വേഷണം നടത്തുന്നില്ലെന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും) പിന്നെ ആരാണ് അന്വേഷണം നടത്തുക? ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?” അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.

വെള്ളിയാഴ്ച(15/01/21)യാണ് അര്‍ണബിന്റെയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസിന്റെയും വാട്‌സ് ആപ്പ് ചാറ്റ് പുറത്തായത്.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലക്കോട്ട് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ കുറിച്ച് അര്‍ണബിന് നേരത്തെ അറിയാമായിരുന്നെന്നും ഈ ചാറ്റ് വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. 2019 ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ ‘മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും’ എന്ന് അര്‍ണബ് പറയുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →