ശുചി മുറിയിൽ ഉറുമ്പരിച്ച് 80 വയസുള്ള വയോധിക. പൂട്ടിയിട്ട് പുറത്ത് പോയ മകനും മരുമക്കൾക്കുമെതിരേ പോലീസ് കേസെടുത്തു

പാലക്കാട്: 80 വയസുള്ള മാതാവിനെ കുളിമുറിയിൽ അടച്ചിട്ട് പുറത്ത് പോയ മകനും മരുമകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. മുതിര്‍ന്ന പൗരന്‍മാര്‍ക്കെതിരെയുള്ള അതിക്രമ നിരോധന നിയമ പ്രകാരമാണു കേസ്.

കുളിമുറിക്കുള്ളില്‍ ഉറുമ്പരിച്ച്‌ അവശയായ നിലയിലാണ് പോലീസ് വയോധികയെ കണ്ടെത്തിയത്. അവശയായി അമ്മ നിലവിളിച്ചിട്ടും അയല്‍ക്കാരും സഹായത്തിന് എത്തിയില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഭക്ഷണം നല്‍കി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

കല്ലേപ്പുള്ളി തെക്കുമുറി എടക്കാട്ടെ ലൈന്‍ ഷെഡില്‍ താമസിക്കുന്ന വയോധികയാണ് കുളിമുറിയിൽ ഉറുമ്പരിച്ച് കിടന്നത്.

പഴനിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുമ്പ് മകനും മരുമകളും അമ്മയെ മുറിയില്‍ നിന്ന് കുളിമുറിയിലേക്കു മാറ്റിക്കിടത്തുകയായിരുന്നു.

ഭക്ഷണവും പാത്രത്തിലാക്കി കുളിമുറിയില്‍ വച്ചിരുന്നു. വെയിലിനു ചൂടേറിയതോടെ അവശയായ വയോധിക നിലവിളിക്കാൻ തുടങ്ങി. തുടർന്നാണ് പോലീസ് വിവരം അറിഞ്ഞെത്തിയത്.

ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസിന്റെ നിര്‍ദേശമനുസരിച്ചു കസബ പൊലീസ് സ്ഥലത്തെത്തി കുളിമുറിയുടെ പൂട്ടുപൊളിച്ച്‌ അമ്മയെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. മലമ്പുഴ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബി.കെ. സുനില്‍കൃഷ്ണന്റെ നേതൃത്വത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തമിഴ്നാട് സ്വദേശികളായ ഇവര്‍ ഒരു വര്‍ഷം മുന്‍പാണ് ഇവിടേക്കു താമസത്തിനെത്തിയത്. ഇവർക്ക് രണ്ടു ആണ്‍മക്കളും ഒരു മകളുമുണ്ട്.

മുന്‍പും അമ്മയെ മക്കള്‍ കുളിമുറിയില്‍ അടച്ചിട്ടിരുന്നുവെന്ന് പോലീസ് പറയുന്നു. തമിഴ്നാട്ടിലേക്കു പോയ മകനോടും മരുമകളോടും രാത്രി തന്നെ തിരിച്ചെത്താന്‍ പൊലീസ് നിര്‍ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →