ഇൻഡോർ: പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിനെ പിന്തുണയ്ക്കുന്ന 41 എംഎൽഎമാർ ബി ജെ പി യോടൊപ്പം വരാൻ തയ്യാറാണെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്യ. ഈ എം എൽ എമാരുടെ പട്ടിക തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം നടക്കാനിരിക്കുകയാണ്. സംസ്ഥാനത്തെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെ പുറത്താക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
“ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്ന 41 എംഎൽഎമാരുടെ പട്ടിക എന്റെ പക്കലുണ്ട്. ഈ നിയമസഭാംഗങ്ങളെ ബിജെപിയുടെ പക്ഷത്താക്കിയാൽ മമത സർക്കാർ വീഴും.” അദ്ദേഹം പറഞ്ഞു.
ആരെയൊക്കെയാണ് പാർട്ടിയിൽ പ്രവേശിപ്പിക്കേണ്ടതെന്നും ആരെ പ്രവേശിപ്പിക്കരുതെന്നും ഞങ്ങൾ അന്വേഷിക്കുകയാണെന്ന് ബിജെപി നേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ഈ നിയമസഭാ സാമാജികർക്കിടയിൽ പ്രതിച്ഛായ മോശമായവരെ സ്വീകരിക്കില്ലെന്ന് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.

