തിരുവനന്തപുരം: മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള വായ്പാ തട്ടിപ്പിന് ഗൂഗിൾ തടയിടുന്നു. ആപ്പുകള്‍ വഴി കൊള്ളപലിശയ്ക്ക് പണം വിതരണം ചെയ്ത് തട്ടിപ്പു നടത്തുന്ന സംഘങ്ങളെ തടയാന്‍ ഇത്തരം ആപ്പുകളെ പ്ലേ സ്റ്റോറില്‍നിന്ന് നീക്കം ചെയ്തതായി ഗൂഗിള്‍ അറിയിച്ചു. മലയാളികളടക്കം ഒട്ടേറെപേര്‍ ചൂഷണത്തിന് ഇരയായെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഗൂഗിൾ തട്ടിപ്പ് ആപ്പുകളെ പുറത്താക്കിയത്.
തട്ടിപ്പ് വായ്പാ ആപ്പുകള്‍ വഴി ആയിരക്കണക്കിന് ആളുകളാണ് രാജ്യത്ത് വായ്പയെടുത്തത്. കേരളത്തില്‍ മാത്രം നൂറുകണക്കിന് ആളുകൾ പണം കടം എടുത്തു. പിന്നീട് ഇവര്‍ ലക്ഷങ്ങളുടെ കടക്കാരായി. സമ്മർദ്ദം താങ്ങാനാവാതെ നിരവധി പേർ ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെയാണ് ഈ ആപ്പുകളെ ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്.
ആയിരം രൂപ കടം എടുത്താല്‍ പോലും ലക്ഷങ്ങള്‍ തിരിച്ചടച്ചാലും തീരാത്ത കട ബാധ്യതയാണ് ആപ്പ് ഉണ്ടാക്കി തീർക്കുന്നത്. പണം അടയ്ക്കാന്‍ വൈകിയാല്‍ പണം എടുത്തവരുടെ സുഹൃത്തുക്കള്‍ക്കെല്ലാം മെസേജ് അയച്ച് അപമാനിക്കുകയും ചെയ്യും.
തട്ടിപ്പുകാര്‍ എന്ന രീതിയില്‍ ഇവരെ കുറിച്ച് മെസേജ് പ്രചരിപ്പിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള അപമാന ഭാരത്താലാണ് പലരും ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെയാണ് ഗൂഗിളിന്റെ ഇടപെടല്‍.
വായ്പ നൽക്കുന്ന മൊബൈല്‍ വായ്പാ ആപ്ലിക്കേഷനുകള്‍ക്കെതിരെ സംസ്ഥാന ധനവകുപ്പും നടപടിയെടുത്തിരുന്നു. ഇത്തരം തട്ടിപ്പുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി അറിയിച്ചു.