സ്വകാര്യത മാറ്റം: വാട്‌സ്ആപ്പിനെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: സ്വകാര്യത സൂക്ഷിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്നാരോപിച്ച് ,സ്വകാര്യതാ നയത്തില്‍ മാറ്റം പ്രഖ്യാപിച്ച വാട്‌സ്ആപ്പിനെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ ചൈതന്യ റൊഹില്ലയാണ് വാട്‌സ്ആപ്പിലെ സ്വകാര്യതാ നയത്തിലെ മാറ്റം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. വാട്‌സ്ആപ്പ് ഏകപക്ഷീയമായി ഉപഭോക്താക്കളുമായുണ്ടാക്കിയ കരാര്‍ ലംഘിക്കുകയാണ്. പുതിയ മാറ്റങ്ങള്‍ അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി 8ാം തീയതി മുതല്‍ പ്രവര്‍ത്തനരഹിതമാവുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള അവകാശം ഈ നിബന്ധന വഴി വാട്‌സ്ആപ്പ് ലംഘിക്കുകയാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ഐടി ആക്ടിന്റെ വിവിധ വകുപ്പുകള്‍ ഉപയോഗിച്ച് വാട്‌സ്ആപ്പിനോട് ഇത്തരം വിവരങ്ങള്‍ മൂന്നാമതൊരാളുമായി കൈമാറരുതെന്ന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വാട്സ് ആപ്പ് ഇന്ത്യയില്‍ വളരെയേറെ ഉപയോഗത്തിലുള്ള ആപ്പാണ്. ജനങ്ങള്‍ തമ്മില്‍ മാത്രമല്ല, സര്‍ക്കാര്‍ തലത്തിലും വിവര വിനിമിയത്തിന് വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. വാട്സ്ആപ്പിലൂടെ സമന്‍സ് അയക്കുന്നതുപോലും സുപ്രിംകോടതി അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വകാര്യത സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →