വിപണി പിടിക്കാന്‍ ടെസ്ല ഇന്ത്യയില്‍: ബംഗളൂരുവില്‍ കമ്പനിയായി രജിസ്റ്റര്‍ ചെയ്തു

ബംഗളൂരു: പുതുവര്‍ഷത്തില്‍ ഇന്ത്യയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ വാഹന നിര്‍മാതാക്കളായ ടെസ്ല. ടെസ്ല ഇന്ത്യന്‍ പ്രവേശിച്ചതിന്റെ ഭാഗമായി ബംഗളൂരുവില്‍ ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്തു. ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആന്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പുതിയ സ്ഥാപനത്തെ ഒരു വിദേശ കമ്പനിയുടെ അനുബന്ധ സ്ഥാപനമായി തരംതിരിച്ചിട്ടുണ്ടെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ഫയലിംഗ് പറയുന്നു. പുതിയ സ്ഥാപനത്തിലെ മൂന്ന് ഡയറക്ടര്‍മാരായി ടെസ്ല വൈഭവ് തനേജ, വെങ്കട്ടരം ശ്രീരാം, ഡേവിഡ് ജോണ്‍ ഫെയ്ന്‍സ്റ്റെയ്ന്‍ എന്നിവരെ തിരഞ്ഞെടുത്തതായും റിപ്പോര്‍ട്ടുണ്ട്.2021ല്‍ കമ്പനി ഇന്ത്യയിലെത്തുമെന്ന് ടെസ്ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഇലോണ്‍ മസ്‌ക് കഴിഞ്ഞ ഒക്ടോബറില്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. എന്നാല്‍ ജനുവരി മുതല്‍ തന്നെ ബുക്കിങ് ആരംഭിക്കാനും 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ കാര്‍ കൈമാറാനുമാണു യുഎസിലെ മുന്‍നിര വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്ലയുടെ പുതിയ നീക്കം. നേരത്തെ 2016ലും ടെസ്ല ഇന്ത്യയില്‍ കാര്‍ ബുക്കിങ് ആരംഭിച്ചിരുന്നെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി 2016ല്‍ യു എസിലെ ടെസ്ല ശാല സന്ദര്‍ശിച്ചതോടെയായിരുന്നു കമ്പനി ഇന്ത്യയിലെത്തുമെന്ന അഭ്യൂഹം ശക്തമായത്. തുടര്‍ന്നു പേ ടി എം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയെ പോലുള്ള പ്രമുഖരും പ്രശസ്തരും ടെസ്ല കാര്‍ സ്വന്തമാക്കാന്‍ രംഗത്തുമെത്തിയിരുന്നു. ടെസ്ല ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡല്‍ത്രീയാണ് ഇന്ത്യയിലെത്തുക. ലോകത്തു തന്നെ ഏറ്റവുമധികം വില്‍പ്പനയുള്ള വൈദ്യുത കാറാണിത്. 15 മിനിറ്റിനകം ബാറ്ററി ചാര്‍ജ് ചെയ്യാവുന്ന, വിദേശ നിര്‍മിത മോഡല്‍ ത്രീ ഇറക്കുമതി വഴിയാവും ടെസ്ല ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തിക്കുക. 2020 ജൂലൈ സെപ്റ്റംബര്‍ കാലത്തെ പ്രവര്‍ത്തനഫലത്തിലെ കണക്കനുസരിച്ച് ‘മോഡല്‍ വൈ’, ‘മോഡല്‍ ത്രീ’ കാറുകള്‍ ചേര്‍ന്നാണു ടെസ്ലയ്ക്കു മൊത്തം വില്‍പ്പനയുടെ 89% നേടിക്കൊടുത്തത്.
ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ പിന്നിടാന്‍ പ്രാപ്തിയുള്ള മോഡല്‍ ത്രീക്ക് മണിക്കൂറില്‍ 162 മൈല്‍(അഥവാ 260.7 കിലോമീറ്റര്‍) ആണു നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. പോരെങ്കില്‍ വെറും 3.1 സെക്കന്‍ഡില്‍ നിശ്ചലാവസ്ഥയില്‍ നിന്നു മണിക്കൂറില്‍ 60 മൈമൈല്‍(96.6 കിലോമീറ്റര്‍) വേഗത്തിലേക്കു കുതിക്കാനും ‘മോഡല്‍ ത്രീ’ക്കാവും. മറ്റു വിദേശ വിപണികളിലെന്ന പോലെ ഡീലര്‍മാരെ നിയമിക്കുന്നതിനു പകരം ടെസ്ല നേരിട്ടാവും ഇന്ത്യയില്‍ കാറുകള്‍ വില്‍ക്കുക. കാര്‍ വിപണനത്തിലെ പരമ്പരാഗത രീതിക്കു പകരം ഡിജിറ്റല്‍ രീതിയിലുള്ള വില്‍പ്പനയ്ക്കാവും ടെസ്ല മുന്‍ഗണനയും നല്‍കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →