വയനാട്: ജില്ലയിലെ തുല്യതാ പഠിതാക്കളുടെ പഠന, പാഠ്യേതര നിലവാരം ഉയര്‍ത്തുമെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ പഠന ക്ലാസിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കാരണങ്ങളാല്‍ പഠനം മുടങ്ങിയവര്‍ക്ക് തുടര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന തുല്യതാ പഠന രീതിയെ ശക്തിപ്പെടുത്താന്‍ ആവശ്യമായ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുണ്ടേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ജില്ലാതല ഉദ്ഘാടനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ തലത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ പത്ത്, ഹയര്‍ സെക്കണ്ടറി തുല്യതാ പഠിതാക്കളായ എം.പി. ഷരീഫ, വി. ഷിബു എന്നിവരെ കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് ആദരിച്ചു.