അങ്കമാലി: കശാപ്പിനായി മാര്‍ക്കറ്റിലെത്തിച്ച പോത്തുകള്‍ പട്ടണത്തിലൂടെ വിരണ്ടോടിയത് മണിക്കൂറുകളോളം നഗരത്തില്‍ ഭീതി പരപത്തി. ആളപായം ഇല്ല. അറവ് ശാലയിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് അതി സാഹസീകമായി ഇടപെട്ടാണ് പോത്തുകളെ കീഴ്‌പ്പെടുത്തിയത്. ഇന്നലെ(7.1.2021)ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.
മിനിലോറിയില്‍ മാര്‍ക്കറ്റിലെത്തിച്ച പോത്തുകളെ താഴെയിറക്കുന്നതിനിടെ രണ്ടു പോത്തുകള്‍ വിരണ്ട് ഓടുകയായിരുന്നു. മാര്‍ക്കറ്റില്‍ നിന്ന് ഓടിയ പോത്തുകള്‍ പോലീസ് സ്‌റ്റേഷന് സമീപത്തെ റോഡിലൂടെ ദേശീയ പാതയിലേക്ക് കടന്നു. പോത്തിന് പിറകേ അറവ് ശാലയിലെ ജീവനക്കാരും നാട്ടുകാരും പിന്‍തുടര്‍ന്നു. പോത്തിനെ പിടികൂടാന്‍ പലമാര്‍ഗ്ഗങ്ങളും സ്വീകരിച്ചെങ്കിലും ഫലം കണ്ടില്ല.
കെഎസ്ആര്‍ടിസി പരിസരത്തുകൂടി ഓടിയ പോത്ത് ടിബി റോഡിലേക്ക് പാഞ്ഞു. പോത്തിന്റെ പിറകേ കയറും കൊളുത്തും അനുബന്ധ സംവിധാനങ്ങളുമായി ആളുകളും പിറകേ ഓടി. പോത്തിന്റെ വരവില്‍ നിയന്ത്രണം വിട്ട ഏതാനം ഇരുചക്ര വാഹന യാത്രികര്‍ റോഡില്‍ വീണു. സ്ത്രീകളുള്‍പ്പടെയുളള കാല്‍നട യാത്രികര്‍ സമീപത്തെ കച്ചവട സ്ഥാപനങ്ങളിലേക്ക് ഓടിക്കയറി രക്ഷപെട്ടു.
അതിനിടെ ഒരു പോത്ത് ഗേറ്റ് തുറന്നുകിടന്ന പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് കോമ്പൗണ്ടിലേക്ക് കടന്നു. പോത്തിനെ കണ്ട് ഭയന്ന ജീവനക്കാര്‍ രണ്ടാം നിലയില്‍ കയറി രക്ഷപെട്ടു. അപ്പോഴേക്കും തടിച്ചുകൂടിയ ജനം റെസ്റ്റ് ഹൗസിന്റെ ഗേറ്റ് അടച്ചിട്ടതിനാല്‍ പോത്തിന് പുറത്തുകടക്കാന്‍ കഴിഞ്ഞില്ല. മറ്റൊന്ന് പവിഴപ്പൊങ്ങ് പാടത്തേക്കും ഓടി. അപ്പോഴേക്കും മാര്‍ക്കറ്റില്‍ നിന്ന് തൊഴിലാളികള്‍ എരുമകളെ കൊണ്ടുവന്ന് പോത്തുകളെ അനുനയിപ്പിക്കുകയായിരുന്നു. പാടത്തേക്ക് ഓടിയ പോത്തിനെ കയര്‍കൊണ്ട് ബന്ധിച്ചിരുന്നതിനാല്‍ പാടത്തുവച്ച് നിയന്ത്രിക്കാന്‍ സാധിച്ചു. പിന്നീട് മൂക്കുകയറിട്ട് കൂടുതല്‍ ബന്ധിപ്പിച്ച ഷേഷമാണ് വാഹനത്തില്‍ കയറ്റിമാര്‍ക്കറ്റിലെത്തിച്ചത്.