കുണ്ടറ കുടിവെള്ള പദ്ധതി ഉടന്‍ കമ്മീഷന്‍ ചെയ്യും : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ


കൊല്ലം: കിഫ്ബി വഴി 19 കോടി രൂപ ചെലവഴിച്ച് നടത്തുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് കുണ്ടറ കുടിവെള്ള പദ്ധതി ഉടന്‍ കമ്മീഷന്‍ ചെയ്യുമെന്നും പ്രദേശത്തെ രൂക്ഷമായ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ഇതോടെ ശാശ്വത പരിഹാരമാകുമെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ജില്ലയിലെ വിവിധ കുടിവെള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജലജീവന്‍ മിഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. കുണ്ടറ നിയോജക മണ്ഡലത്തിലെ പെരിനാട്, കുന്നത്തൂര്‍ മണ്ഡലത്തിലെ മണ്‍ട്രോതുരുത്ത്, കൊല്ലം മണ്ഡലത്തിലെ തൃക്കരുവ, പനയം, പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും  ശുദ്ധജലമെത്തിക്കുന്ന  തൃക്കരുവപനയംപെരിനാട്മണ്‍ട്രോതുരുത്ത്  കുടിവെള്ള പദ്ധതിക്കായി പെരിനാട് സ്റ്റാര്‍ച് ഫാക്ടറിക്ക് സമീപം ജലശുദ്ധീകരണ ശാല നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു.

പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ മന്ത്രി പ്രവര്‍ത്തനങ്ങള്‍  സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ഡെപ്യൂട്ടി കലക്ടര്‍ ആര്‍ ഐ ജ്യോതിലക്ഷ്മി, ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എസ് സന്തോഷ് കുമാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനിതാ കുമാരി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ സലിന്‍ പീറ്റര്‍, അരുണ്‍ കുമാര്‍, സോണിയ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →