പയ്യന്നൂർ: നവദമ്പതികളുടെ കിടപ്പു മുറിയില്‍ ഒളിഞ്ഞുനോക്കാന്‍ എത്തിയ മധ്യവയസ്കന്‍ അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂരാണ് സംഭവം. പാലക്കാട് ഷൊര്‍ണൂരില്‍ വച്ച് വിവാഹിതരായ ദമ്പതികള്‍ വീട്ടിലെത്തുന്നതിന് മുമ്പുതന്നെ കിടപ്പുമുറിക്ക് മുകളില്‍ ഇയാള്‍ സ്ഥാനം പിടിച്ചിരുന്നു. ദമ്പതികള്‍ എത്താന്‍ വൈകിയതോടെ മുകളില്‍ കിടന്ന് ഉറങ്ങിപ്പോയതാണ് കെണിയായത്.
ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഇയാള്‍ കല്യാണവീട്ടില്‍ എത്തിയത്. രണ്ട് ദിവസത്തോളമായി അടഞ്ഞു കിടന്ന വീടിന്റെ കിടപ്പുമുറിയിലേക്ക് കയറാന്‍ ഒരു ഏണി ഇവിടെ എത്തിച്ചു. രാത്രി പത്ത് മണിക്ക് ലൈറ്റുകള്‍ അണയ്ക്കണമെന്ന് അയല്‍ക്കാരെ ചട്ടം കെട്ടിയതിന് ശേഷമാണ് ഇയാള്‍ കിടപ്പുമുറിക്ക് മുകളില്‍ കയറിപറ്റിയത്.എന്നാല്‍ വരനും വധുവുമടക്കമുള്ളവര്‍ എത്താന്‍ വൈകിയതോടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഒടുവില്‍ ക്ഷമ നശിച്ച ഇയാള്‍ കിടപ്പുറിക്ക് മുകളില്‍ ഇരുന്ന് ഉറക്കം തുടങ്ങി.
ഉച്ചത്തിലുള്ള കൂര്‍ക്കംവലി കേട്ടാണ് വീട്ടുകാര്‍ അന്വേഷണം തുടങ്ങിയത്. ഒടുവില്‍ കിടപ്പുമുറിക്ക് മുകളില്‍ സുഖമായി ഉറങ്ങുന്ന മധ്യവയ്സകനെ കണ്ടു. നാട്ടുകാരെത്തി മുകളിലേക്ക് കയറാന്‍ ഉപയോഗിച്ച ഏണി എടുത്തുമാറ്റി. ഇതോടെ ഇയാള്‍ മുകളില്‍ പെട്ടുപോയി. ഒടുവില്‍ പോലീസ് എത്തിയാണ് പ്രതിയെ താഴെയിറക്കിയത്. ഇതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
മധ്യവയസ്കനെ ആരും കൈയ്യേറ്റം ചെയ്യരുതെന്നും ചെയ്താല്‍ കേസെടുക്കുമെന്നും പോലീസ് പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. വീട്ടുകാര്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ ഇയാളെ പിന്നീട് പോലീസ് വിട്ടയച്ചു.

