കൊച്ചി: ജൂവലറികളില്‍ നിലവിലുളള ആഭരണ ശേഖരത്തിന്‍റെയും ഇടപാടുകളുടേയും കൃത്യമായ രേഖകള്‍ ഇനി മുതല്‍ ഇ. ഡി ക്കുമുമ്പില്‍ ഹാജരാക്കണം. ഇടപാടുകള്‍ നടക്കുമ്പോള്‍ ഉപഭോക്താക്കളുടെ പാന്‍, ആധാര്‍ നമ്പര്‍, പോലുളള കെവൈസി രേഖകള്‍ ജ്വല്ലറി ഉടമകള്‍ ശേഖരിക്കണം. ഇതെല്ലാം എപ്പോള്‍ വേണമെങ്കിലും പരിശോധിക്കപ്പെടാം. എന്നാല്‍ വലിയ തോതിലുളള ഇടപാടുകളില്‍ ധനകാര്യ ഇന്റലിജന്‍സ് യൂണിറ്റിനുളള (എഫ്‌ഐ യു ) റിപ്പോര്‍ട്ട് ബാങ്കുകളില്‍ നിന്നുള്‍പ്പടെ പോകുന്നുണ്ട്. ഇതില്‍ യൂണിറ്റുതന്നെ അന്വേഷണം നടത്തുകയായിരുന്നു രീതി. പിഎംഎല്‍എ യുടെ പരിധിയില്‍ ജൂവലറി ഇടപാടുകള്‍ വന്നതോടെ ഇനി സംശയാസ്‌പദമായ ഇടപടുകളെല്ലാം ഇ.ഡി അന്വേഷിക്കും.
ധനകാര്യ ഇന്‍റലിജന്‍സിന്‍റെ ഇത്തരം കേസുകള്‍ ഇഡിക്ക് കൈമാറും. അങ്ങനെ കളളപ്പണത്തിന്റെ പരിധിയിലേക്ക് കാര്യങ്ങളെത്തും. ഇതാണ് സാധാരണക്കാര്‍ക്കുപോലും വിനയായി മാറുന്നത്. വിവാഹാവശ്യത്തിന് കടം വാങ്ങിയും മറ്റും സ്വര്‍ണ്ണം വാങ്ങുന്നവരും ഇഡി വലയിലേക്ക് വരും. അതേ സമയം കേരളത്തില്‍ സഹകരണ സംഘങ്ങളും സ്വര്‍ണ്ണവുമാണ് കളളപ്പണക്കാരുടെ ആശ്രയം. രണ്ടിലും നിക്ഷേപം നടത്തി അവര്‍ സര്‍ക്കാരിനെ പറ്റിക്കുന്നു. ഇതുമനസിലാക്കി സഹകരണ സ്ഥാപനങ്ങളെ ആര്‍ബിഐക്ക് കീഴില്‍ കൊണ്ടുവരികയാണ് സര്‍ക്കാര്‍.
ഇതിനൊപ്പം സ്വര്‍ണ്ണാഭരണ മേഖലയുള്‍പ്പടെ ജൂവലറി ഇടപാടുകളിലും കേന്ദ്രം പിടിമുറുക്കുന്നു. ഇതോടെ സ്വര്‍ണ്ണവും സഹകരണവും സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലാകും. ഫലത്തില്‍ സ്വര്‍ണ്ണത്തിന്‍റെ കച്ചവടത്തേയും ഇത് ബാധിക്കും. പഴയ ഗ്ലാമര്‍ സ്വര്‍ണ്ണത്തിന് നഷ്ടമാകാനും സാധ്യതയുണ്ട്. നിക്ഷേപമായി സ്വര്‍ണ്ണം വാങ്ങുന്നവരും പിന്നോട്ടുപോകും.
രാജ്യത്തെ ജൂവലറി വ്യവസായത്തെ മുഴുവന്‍ കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്‍റെ പരിധിയിലാക്കുന്നത് നികുതി വെട്ടിപ്പ് തിരിച്ചറിഞ്ഞാണ്. ജൂവലറി ഇടപാടുകള്‍ 2020 ഡിസംബര്‍ 28 മുതല്‍ പിഎംഎല്‍എ നിയമത്തിന്‍റെ പരിധിയാലാണെന്ന് ചൂണ്ടിക്കാട്ടി ധന മന്ത്രാലയം ഉത്തരവിറക്കി. കൃത്യമായ രേഖകളില്ലാതെ സ്വണ്ണമോ സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ട പണമോ പിടിക്കപ്പെട്ടാല്‍ ഇഡിക്ക് വിശദമായ അന്വേഷം നടത്താന്‍ അധികാരമുണ്ടായിരിക്കും. അതായത് സ്വര്‍ണ്ണം വാങ്ങുന്ന പണം എവിടെ നിന്നാണെന്ന് വെളിപ്പെടുത്തണം. കേരളത്തിലടക്കം കളളക്കളികള്‍ കണ്ടെത്താന്‍ ഇഡി സജ്ജീവമാണ്.
ഈ പുതിയ തീരുമാനം ചൂണ്ടിക്കാട്ടി ജൂവലറി ഉടമകള്‍ക്ക് ഈഡി സര്‍ക്കുലര്‍ അയച്ചുതുടങ്ങി. ഉപഭോക്താവുമായി ഒന്നോ അതിലധികമോ തവണകളായി 10 ലക്ഷം രൂപക്കോ അതിന് മുകളിലോ ഇടപാട് നടത്തിയാല്‍ രേഖകള്‍ സൂക്ഷിക്കണം. ഈഡി ആവശ്യപ്പെട്ടാല്‍ രേഖകള്‍ ഹാജരാക്കുകയും വേണം. ഫലത്തില്‍ എല്ലാ ഇടപാടുകളുടേയും രേഖകള്‍ ജൂവലറി ഉടമകള്‍ സൂക്ഷിക്കണ്ടിവരും. അല്ലാത്തപക്ഷം നടപടികള്‍ ഉണ്ടാകും. കൃത്യമായ രേഖകളില്ലാതെ പണമോ സ്വര്‍ണ്ണമോ അധികൃതര്‍ പിടിച്ചെടുത്താല്‍ അതിന്‍റെ 82.5 ശതമാനം സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയാണ് ഇപ്പോഴത്തെ രീതി. പുതിയ നിയമം അനുസരിച്ച് അന്വേഷണവും നേരിടേണ്ടി വരും.
അതേസമയം പെണ്‍മക്കളുടെ വിവാഹത്തിനായി ഒരു മനുഷ്യായുസുമുഴുവന്‍ പണിപ്പെട്ട് സ്വരുക്കൂട്ടിയ സമ്പത്ത് ഉപയോഗിച്ച് സ്വര്‍ണ്ണാഭരണം വാങ്ങുന്നവരുടെ രേഖകള്‍ ഇഡിക്ക് കൈമാറണമെന്നതും അവരെ കളളപ്പണക്കാരായി ചിത്രീകരിക്കാനുളള നീക്കവും സമൂഹത്ത അരക്ഷിാവസ്ഥയിലേക്ക് തളളിവിടുമെന്ന വിലയിരുത്തല്‍ സജീവമാണ്.