രാമപുരത്ത് കുളമ്പുരോഗം പടരുന്നതായി റിപ്പോര്‍ട്ടുകള്‍.

പാലാ: വാലായ്ക്ക് സമീപം രാമപുരത്തും സമീപ പ്രദേശങ്ങളിലും കുളമ്പുരോഗം പടരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊണ്ടാട്, രാമപുരം, ടൗണ്‍, പാലവേലി എന്നീ ഭാഗങ്ങളില്‍ രോഗം റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടെന്ന് സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.ജെസ്സി സി കാപ്പന്‍ പറഞ്ഞു. ഇത് നിയന്ത്രിക്കുന്നതിനുളള റിംഗ് വാക്ലിനേഷന്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

മൂന്നുദിവസം മുമ്പാണ് കൊണ്ടാട് ഭാഗത്ത് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് പലഭാഗങ്ങളിലായി നിരവധി കേസുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുണ്ട്. കാറ്റിലൂടെ രോഗം പടരാനിടയുളളതിനാല്‍ വളരെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. വളരെ തീവ്രത കുറഞ്ഞ രോഗ ലക്ഷണങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുളളത്.

കന്നുകാലികളുടെ വായില്‍ നിന്ന ഉമിനീര്‍ ഒലിപ്പിക്കുക, തീറ്റ തിന്നാതിരിക്കുക, പനി, കാല്‍ നിലത്തുകുത്തുമ്പോള്‍ വേദന,തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ ഉടനെ വിവരം രാമപുരം ആശുപത്രിയിലറിയിക്കണമെന്നും ആവശ്യത്തിന് പ്രതിരോധ വാക്‌സിനുകള്‍ എത്തിയിട്ടുണ്ടെന്നും തങ്ങളുടെ മൃഗങ്ങള്‍ക്ക് എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പ് നടത്തണമെന്നും മൃഗാശുപത്രി അധികൃതര്‍ പറഞ്ഞു. 6282255726 എന്ന ഫോണ്‍നമ്പരില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെടവുന്നതാണ്.

പ്രതിരോധ കുത്തിവയ്പ്പാണ് രോഗം തടയുന്നതിനുളള ഫലപ്രദമായ മാര്‍ഗ്ഗം. മറ്റുമൃഗങ്ങള്‍ തൊഴുത്തില്‍ കയറുന്നത് തടയുക, രോഗം വന്ന പശുവിനെ പരിചരിക്കുന്ന ആള്‍ മറ്റുസ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ ആ പ്രദേശങ്ങളിലും രോഗം ബാധിച്ചേക്കാം. തൊഴുത്തില്‍ നിന്ന് മാലിന്യങ്ങള്‍ പുഴയിലേക്കോ തോട്ടിലേക്കോ ഒഴുക്കി വിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുളമ്പ് രോഗം ബാധിച്ച് ചത്ത കന്നുകലികളുടെ ജഡം ആഴത്തില്‍ മറവ് ചെയ്യുക ,തൊഴുത്ത് വൃത്തിയായി പരിപാലിക്കുക, എന്നീകര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ കഴിയും. വൃത്തിയുളള തൊഴുത്തില്‍ കന്നുകാലികളെ കെട്ടുകയും പൊട്ടാസ്യം പെര്‍മാംഗനേറ്റ്, ക്ലോറിന്‍, അക്രിഫ്‌ളേവിന്‍ തുടങ്ങിയ അണുനാശിനികള്‍ കൊണ്ട് കന്നുകാലികളുടെ കുളമ്പ് ,വായ എന്നിവ കഴുകുക എന്നിവ ചെയ്താല്‍ രോഗം നിയന്ത്രിക്കാന്‍ കഴിയും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →