അമ്മയ്ക്കൊപ്പം കല്‍ബുര്‍ഗിയിലെ സെന്‍ട്രല്‍ ജയിലിൽ കഴിഞ്ഞ മൂന്നു വയസുകാരി മരിച്ചു. പോലീസിൻ്റെ അനാസ്ഥയെന്ന് ആരോപണം

ബംഗളൂരു: മാതാപിതാക്കള്‍ക്കൊപ്പം കല്‍ബുര്‍ഗിയിലെ സെന്‍ട്രല്‍ ജയിലിൽ കഴിഞ്ഞിരുന്ന മൂന്നു വയസുകാരി മരിച്ചു.

ജെവാര്‍ഗി താലൂക്കിലെ ജെയ്നപുര്‍ സ്വദേശികളായ സംഗീത-രവി തല്‍വാര്‍ ദമ്പതികളുടെ മകള്‍ ഭാരതിയാണ് മരിച്ചത്.

തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ വിജയവുമായി ബന്ധപ്പെട്ട് ഗ്രാമത്തില്‍ നടന്ന പ്രശ്നങ്ങളുടെ പേരിലാണ് മാതാപിതാക്കൾ അറസ്റ്റിലായത്.
കലാപശ്രമത്തിന്‍റെ പേരില്‍ കേസെടുത്ത പൊലീസ് ഭാരതിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ പത്തുപേരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ
കോടതി റിമാന്‍ഡ് ചെയ്തു.

2020 ഡിസംബര്‍ 31ന് നാണ് കുട്ടിയെയും ജയിലിൽ കഴിയാൻ അനുവദിച്ചത്. മൂന്നുവയസുകാരിയായ കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. ഇതോടെ കുഞ്ഞിനെ അമ്മയ്ക്ക് തന്നെ കൈമാറുകയായിരുന്നു.

2-1-2021 ശനിയാഴ്ചയാണ് കുട്ടി മരിച്ചത്. കടുത്ത പനിയെ തുടർന്ന് വെള്ളിയാഴ്ച കുട്ടിയെ ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്നു. പനി കൂടിയ കുട്ടി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

പൊലീസ് കൃത്യ സമയത്ത് ചികിത്സ നൽകാത്തതാണ് കുഞ്ഞിൻ്റെ മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് ബന്ധുക്കള്‍
രംഗത്തെത്തി. കുട്ടിക്ക് നേരത്തെ തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ ഇക്കാര്യം വ്യക്തമാണെന്നും ഇതനുസരിച്ച്‌ ഫര്‍ഹതബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്വാഭാവിക മരണം എന്ന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഐജി ഖര്‍ബികര്‍ അറിയിച്ചു. അന്വേഷണം വേണ്ടി വന്നാല്‍ കലാപ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കുമെന്നും ഐജി പറഞ്ഞു.

പൊലീസ് ഇന്‍സ്പെക്ടര്‍ക്കെതിരെ അനാസ്ഥയ്ക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജെവാര്‍ഗിയിലെ കോണ്‍ഗ്രസ് എംഎല്‍എ അജയ് സിംഗ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് എസ്പി ഉറപ്പു നൽകിയതിന് ശേഷമാണ് കുട്ടിയുടെ സംസ്കാര ചടങ്ങുകള്‍ നടത്തിയത്

മരിച്ച കുഞ്ഞിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും സംഭവത്തിൽ പ്രതിഷേധിച്ചവർ ആവശ്യപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →