ന്യൂഡൽഹി: രാജ്യവ്യാപകമായി കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ശനിയാഴ്ച(02/01/20) രാവിലെ നടന്നു. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ഡല്‍ഹി ജിടിബി ആശുപത്രിയില്‍ നേരിട്ടെത്തി ഡ്രൈ റണ്‍ നടപടിക്രമങ്ങള്‍ നിരീക്ഷിച്ചു. ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് വാക്‌സിന്‍ വിതരണത്തിനായി സജ്ജമാക്കുമെന്നും രണ്ടര കോടി പേര്‍ക്കുള്ള വാക്‌സിന്‍ ആയിരിക്കും ആദ്യമൊരുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നതിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് നീതി ആയോഗ് അംഗവും കൊവിഡ് ദേശീയ കര്‍മസേനയുടെ മേധാവിയുമായ ഡോ. വിനോദ് പോള്‍ വ്യക്തമാക്കി. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്കാകും ആദ്യ ഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ആറ് മുതല്‍ എട്ടുവരെ മാസങ്ങള്‍ക്കിടെ കൊവിഡ് പോരാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമേറിയവരെ പരിപാലിക്കുന്നവര്‍ക്കും വാക്‌സിന്‍ നല്‍കും. 31 ഹബ്ബുകളും 29,000 വാക്‌സിനേഷന്‍ പോയിന്റുകളും വാക്‌സിന്‍ വിതരണത്തിനായി സജ്ജമാക്കും. തയാറെടുപ്പുകള്‍ രാജ്യവ്യാപകമായി തുടങ്ങിക്കഴിഞ്ഞു.
വാക്‌സിന്‍ നിര്‍മാണ കമ്പനികളും സര്‍ക്കാരും വിതരണം നടത്തുന്നവരുമെല്ലാം ഒറ്റ സംഘമായാണ് പ്രവര്‍ത്തിക്കുക. 30 കോടി പേരെയാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൊവിഡ് മരണങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് അപകടസാധ്യത കൂടുതലുള്ളവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കുന്നത്.