കൊൽക്കത്ത: സൗരവ് ഗാംഗുലിയെ പോലുള്ളവർ രാഷ്ട്രീയത്തിൽ വരണമെന്ന് ബിജെപി പശ്ചിമ ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ബംഗാൾ ഗവർണർ ജഗദീപ് ധൻഖറിനെ സന്ദർശിച്ച് ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ദിലീപ് ഘോഷിൻ്റെ പ്രസ്താവന.
“എല്ലാ ജനങ്ങളോടും ബിജെപിയിൽ ചേരണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അദ്ദേഹത്തെപ്പോലുള്ള ഒരു വിജയകരമായ വ്യക്തിത്വം രാഷ്ട്രീയത്തിലേക്ക് വരണം. എല്ലാവരേയും കൂട്ടി സംസ്ഥാന സർക്കാരിനെതിരെ പോരാടാൻ ബിജെപി തയ്യാറാണ്. ”
സൗരവ് ഗാംഗുലി ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ദിലീപ് ഘോഷിൻ്റെ പ്രസ്താവന. അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഗാംഗുലി ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു.

