കോവിഡ് പ്രതിസന്ധി നമ്മെ ഡിജിറ്റല്‍പഠനത്തിലേക്കെത്തിച്ചു. കോളജ്-സര്‍വകലാശാലാതലങ്ങളില്‍ നടക്കുന്ന ഡിജിറ്റല്‍ പഠനത്തെക്കുറിച്ച് ചില നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമാണിവിടെ പ്രതിപാദിക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍തലത്തിലെ പദ്ധതിയെക്കുറിച്ച് വിശദമായ പഠനം നടന്നു. ഫലപ്രാപ്തിക്ക് പരിമിതികള്‍ പലതുമുണ്ടായിരിക്കും. പരിമിതികകളെ അതിജീവിച്ച് പ്രതിസന്ധികാലത്ത് സാദ്ധ്യമായ രീതിയില്‍ സ്‌കൂളുകളില്‍ പദ്ധതി നടപ്പിലാക്കുന്നുവെന്നത് അഭിമാനകരമാണ്. ക്ലാസ്സുകളുടെ ലഭ്യത പൊതുവായി ഉറപ്പ് വരുത്താന്‍ ധാരാളം സമൂഹ്യ ഇടപെടലുകളുണ്ടായി. പക്ഷേ ക്ലാസ്സുകള്‍ ശരിയായി പ്രയോജപ്പെടുത്താനുള്ള പശ്ചാത്തലവിജ്ഞാനത്തിന്റെയും സാമൂഹ്യസാഹചര്യത്തിന്റെയും അഭാവം, പോരായ്മ, അദ്ധ്യപക-വിദ്യര്‍ത്ഥി/വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥി പാരസ്പര്യം ഉചിതമായ രീതിയില്‍ സൃഷ്ടിക്കപ്പെടാതെ പോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് പ്രശ്‌നങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടത്. ഇതേ പരിമിതികള്‍ കോളജ് തലത്തിലുമുണ്ട്. പലരും വ്യക്തമാക്കിയ കാര്യവുമാണ്. പക്ഷേ കോളജ് തലത്തില്‍ പൊതുവെ തത്സമയ ക്ലാസ്സുകള്‍ എന്ന സമീപമനമാണ് സ്വീകരിച്ചിരിക്കുന്നത്. ഉന്നതവിദ്യഭ്യസാവകുപ്പ് സമയം രാവിലെ 8.30 മുതല്‍ ഉച്ചക്ക് 1.30 വരെയെന്ന് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. കോളജ് തലത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. റിക്കോര്‍ഡ് ചെയ്ത് ലഭ്യമാകുന്ന രീതി ചിലയിടങ്ങളില്‍ ചെയ്യുന്നുണ്ട്. തത്സമയ ക്ലാസ്സുകള്‍ ലഭിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണമാണിമിങ്ങനെ ചിലരൊക്കെ ചെയ്യുന്നത്. എങ്ങനെ ആയാലും അധ്യാപനം അതാത് ക്ലാസ്സുകളില്‍ ഒതുങ്ങിനില്‍ക്കുന്ന രീതിയാണ്.

സാങ്കേതികത, ഏകോപനം
സ്‌കൂള്‍ തലത്തില്‍ വിക്ടേര്‍സ് ചാനല്‍ വഴി പാഠങ്ങള്‍ ആവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്യുന്നു; കൂടാതെ വെബ്‌സൈറ്റിലൂടെയും യൂ ട്യൂബിലൂടെയൂമൊക്കെ ലഭ്യത ഉറപ്പാക്കുന്നുമുണ്ട്. സംസ്ഥാനതലത്തിലാണ് കാര്യങ്ങള്‍ എകോപിപ്പിക്കുന്നത്. പാഠങ്ങളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ നിന്ന് ഉണ്ടായാല്‍ മതി. സാദ്ധ്യമായ രീതിയില്‍ അത് നടക്കുന്നുമുണ്ട്. ഈ രീതിക്ക് ചില പ്രകടമായ മേന്മകള്‍ കണാന്‍ കഴിയും. ഒന്ന് പാഠ്യക്രമത്തിന്റെ ഉള്ളടക്കം വീഡിയോ ക്ലാസ്സായി എപ്പോഴും ലഭ്യമാവുന്നു. അതിനാല്‍ ക്ലാസുകള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാവുന്നു. പ്രക്ഷേപണസമയത്ത് ക്ലാസ്സ് നഷ്ടമായാലും പിന്നീട് ലഭ്യമാകാന്‍ വഴിയുണ്ട്. അതു പോലെ സാങ്കേതികവും അക്കാദമികവുമായ പൊതുനിലവാരം ഉറപ്പാക്കാനും കഴിയുന്നു. കൂടാതെ അദ്ധ്യാപനവും പദ്ധതിയും ഒരു സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാവുന്നു. ഇപ്പറഞ്ഞതെല്ലാം വരെ പ്രധാനപ്പെട്ട ഗുണപരമായ ഘടകങ്ങളാണ്. കോളജ് തലത്തില്‍ ഏകോപിതമായ ഒരു നീക്കം അലോചിച്ചിട്ട് തന്നെയില്ല. തത്സമയ ക്ലാസ്സുകള്‍ക്കായി പല പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്തായാലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ലഭ്യതയും കണക്റ്റിവിറ്റി-പ്രശ്‌നങ്ങളും ഗണ്യമായ പങ്ക് വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പ്രകാരം മുപ്പത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകള്‍ ശരിയായി ലഭിക്കുന്നില്ല. അടിസ്ഥാനമാക്കിയ സര്‍വേകളുടെ കൃത്യത പരിശോധിക്കപ്പെടേണ്ടതാവാം. പക്ഷേ പ്രശ്‌നം ഗൗരവമായി നിലനില്‍ക്കുന്നു. ‘ഗസ്റ്റ്’ അധ്യാപകരുടെ അഭാവം മൂലം ധാരാളം കോളജുകളില്‍ ക്ലാസുകള്‍ തടസ്സപ്പെടുന്നത് അദ്ധ്യാപകസംഘടനകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ബോധനരീതി

നമ്മള്‍ കടന്നുപോകുന്ന പ്രതിസന്ധി ഉന്നതവിദ്യഭ്യാസ രംഗത്ത് ഗുണപരമായ വലിയ മുന്നേറ്റത്തിന് ലഭിച്ച അവസരമാക്കി മാറ്റേണ്ടതായിരുന്നു. അങ്ങനെയൊരു കാല്‍വയ്പ് കാണുന്നില്ല. നമ്മുടെ അദ്ധ്യാപനരീതി ‘കണ്ടന്റ് ഡലിവറി’ക്കാണ് പരമ്പരാഗതമായി പ്രാമുഖ്യം നല്‍കുന്നത്. ‘കണ്‍സപ്ച്വല്‍ ലേണിങ്ങ്’ സമീപത്ത് കൂടെയൊക്കെ പോകുന്നുവെന്നും പറയാം. ക്രെഡിറ്റും സെമസ്റ്ററുമൊക്കെ വന്നിട്ടും അതിനപ്പുറത്തേക്ക് കാര്യമായ മാറ്റങ്ങള്‍ ഉണ്ടായില്ല. ഹയര്‍ സെക്കന്‍ഡറിക്ക് ഉന്നത വിജയം കരസ്ഥമാകുന്ന, ബിരുദതലത്തില്‍ ശാസ്ത്ര-മാനവിക-സാഹിത്യവിഷയങ്ങള്‍ തെരെഞ്ഞെടുക്കാനാഗ്രഹിക്കുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ കാര്യം പരിശോധിക്കുന്നത് ഈസന്ദര്‍ഭത്തില്‍ സംഗതമാണ്. ഇക്കൂട്ടരില്‍ തുടര്‍പഠനത്തിന് സംസ്ഥാനത്തിന് പുറത്തുള്ള സര്‍വകലാശാലകളും സ്ഥപനങ്ങളും താത്പര്യപ്പെടുന്നവരുടെ സംഖ്യ മുന്‍ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചുവരുന്നത് കണാം. ഈ പ്രവണത സെമസ്റ്റെര്‍ പദ്ധതി നടപ്പാക്കിയ ശേഷം നല്ലതോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. സമൂഹ്യ-സാമ്പത്തികസാഹചര്യങ്ങള്‍ അല്‍പമെങ്കിലും അനുകൂലമെങ്കില്‍, മികവ് പുലര്‍ത്തുന്നവര്‍ ബിരുദപഠനത്തിന് കേരളത്തിന് പുറത്തേക്കെന്നത് ഒരു രീതിയായി മാറുന്നു. ഒരു സര്‍വേയോ കണക്കെടുപ്പോ ഇക്കാര്യത്തില്‍ നടത്തിയാല്‍ കാര്യങ്ങള്‍ വ്യക്തമാവും. ഉദാഹരണമായി ദല്‍ഹി സര്‍വകലായില്‍ കേരളത്തില്‍ നിന്ന് പ്രവേശനം നേടുന്ന വിദ്യര്‍ത്ഥികളുടെ എണ്ണം ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നോക്കിയാല്‍ മതി. ഉന്നതവിദ്യാഭ്യാസരംഗത്ത് എല്ലാം ഭദ്രമാണെന്ന സമീപനം ശരിയായ വിലയിരുത്തലല്ലെന്ന് സൂചിപ്പിക്കാന്‍ ആനുഷംഗികമായി പറഞ്ഞെന്നേയുള്ളൂ. എന്തായാലും കോവിഡ് കഴിയുന്നതോടെ, വേഗം പഴയ ക്ലാസ്സ് മുറികളിലേക്ക് മടങ്ങുകയെന്നൊരു സമീപനമാണ് കോളജ് തലത്തില്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഒട്ടും ക്രിയത്മകമായ സമീപനമല്ലെന്ന് സ്പഷ്ടമാണ്. (സ്‌കൂളുകളില്‍ കോവിഡ് കാലത്തിന് ശേഷം പഴയ രീതിയിലേക്ക് മടങ്ങണമെന്ന നിര്‍ദ്ദേശമാണ് പരിഷത്തിന്റെ പഠനത്തില്‍ നല്‍കിയത്. അതിനോട് പൂര്‍ണമായി യോജിക്കുന്നില്ല. പഠനപ്രക്രിയയിലെ ഒരു കമ്പോണന്റ് ആയി ഡിജിറ്റല്‍ ലേണിങ്ങ് തുടരുക, ഉചിതമെന്നാണ് ലേഖകന്റെ അഭിപ്രായം)
ഇ-കണ്ടന്റ്

നമ്മുടെ സര്‍വകലാശാലകളും പഠനബോര്‍ഡുകളും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും കലാലയങ്ങളും അദ്ധ്യാപകരും സൃഷ്ടിപരമായി ഇടപടേണ്ട സന്ദര്‍ഭമാണ് പാഴായി പോകുന്നത്. സിലബസ്സിനോടൊപ്പം ‘ഇ-കണ്ടന്റ്’ തയ്യാറാക്കി തുറന്ന പഠനത്തിന് ലഭ്യമാക്കുകയാവണം ആദ്യപടി. ബിരുദതലത്തിലെ പാഠ്യഭാഗങ്ങള്‍ വിഭജിച്ച് തുടക്കമെന്ന നിലയില്‍ നിര്‍മ്മാണചുമതല കോളജുകള്‍ക്ക് നല്‍കാവുന്നതാണ്. ‘വിര്‍ച്വല്‍ ബോര്‍ഡോ’ ‘സ്ലൈഡുകളോ’ ഉപയോഗിക്കുന്ന ‘വീഡിയോ ലക്ച്ചറുകള്‍’ മാത്രമായി പോകരുത്. വിഷ്വല്‍ മീഡിയയുടെ സാദ്ധ്യതകള്‍ ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ വേണം. ആനിമേഷന്‍, സിമുലേഷന്‍, ഇന്റര്‍ആക്റ്റീവ് പ്രോഗ്രാമുകള്‍, നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഇന്ന് ലഭ്യമാണ്. സാങ്കേതിക വിദ്യ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം പകരുന്നതല്ല ഉദ്ദേശിക്കുന്നത്. മറ്റ് വിഷയങ്ങളുടെ പഠന-അദ്ധ്യാപനപ്രക്രിയയില്‍ ഉപയോഗിക്കുന്ന കാര്യമാണ്. തുടക്കമെന്ന നിലയില്‍ സാദ്ധ്യമാവുന്ന സങ്കേതങ്ങള്‍ മാത്രം മതിയാവും. ക്രമേണ മെച്ചപ്പെടുത്താം. ”കണ്ടന്റ് ഡലിവറി” പൂര്‍ണമാക്കുകയും ‘കണ്‍സപ്ച്വല്‍ ലേണിങ്ങി’ന് സഹായകരമാവുകയുമെന്നതാണ് പ്രധാനം. പ്രയോഗക്ഷമമായ വിജ്ഞാനത്തിലേക്കൂള്ള വഴികാട്ടി എന്നാണുദ്ദേശിക്കുന്നത്. കോവിഡിനപ്പുറം ദീര്‍ഘകാലത്തേക്ക് നീളുന്ന ആസൂത്രണമാണ് വേണ്ടത്.
ബോധനം ഭവിഷ്യകാലത്തിനായി

അദ്ധ്യാപകരുടെ ചുമതല അതോടെ കഴിയുമെന്ന് കരുതേണ്ട. അവിടെ നിന്ന് തുടങ്ങുകയാണ് ചെയ്യുന്നത്. ‘ഇ-കണ്ടന്റിന്റെ’ സമര്‍ത്ഥമായ ഉപയോഗത്തില്‍ നിന്ന് തുടങ്ങാം. കണ്‍സപ്ച്വല്‍ ലേണിങ്ങ് പൂര്‍ത്തിയാക്കുക, അറിവ് അഥവാ കിട്ടുന്ന വിവരങ്ങള്‍ പ്രയോഗതലത്തില്‍ കൊണ്ട് വരാന്‍ സഹായിക്കുക തുടങ്ങി നല്ല തയ്യറെടുപ്പും അദ്ധ്വാനവും വേണ്ട പ്രവര്‍ത്തനങ്ങള്‍ ധാരാളമാണ്. ഇന്ന് അറിവും വിവരങ്ങളും ലഭിക്കാനുള്ള സ്രോതസ്സുകള്‍ നിരവധിയാണ്. വിവിധ സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും അത് സ്വാംശീകരിച്ച് അറിവായി മാറ്റാമുള്ള പരിശീലനം നേടുക ഉന്നതവിദ്യഭ്യാസത്തിന്റെ അവിഭാജ്യഘടകമാണ്. പുതിയ കാലത്ത് നേടേണ്ട പ്രാവീണ്യത്തില്‍ പ്രധാനവുമാണ്. അത് പോലെ തന്നെ പ്രധാനമാണ് വിജ്ഞാനവും കപടവിജ്ഞാനവും വേര്‍തിരിച്ചറിയാനുള്ള ശേഷി. സത്യാനന്തരകാലത്തെ ഏറ്റവുംപ്രധാനമായ ജീവിതനൈപുണ്യമാണത്. ശാസ്ത്രവിഷയങ്ങളില്‍ മാത്രമല്ല, ചരിത്രമുള്‍പ്പടെയുള്ള മാനവികവിഷയങ്ങളിലും സമൂഹജീവിതത്തിന്റെ നാനാതുറകളിലുമത് ബാധകമാണ്.
അത് പോലെ തന്നെ പ്രധാനമാണ് ‘പ്രോബ്ലം സോള്‍വിംഗ് സ്‌കില്‍.’ ‘ന്യൂമറിക്കല്‍’ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുന്നതില്‍ അവസാനിക്കുന്നതല്ലത്. അതാത് വിഷയവുമായി ബന്ധപ്പെട്ടതും മള്‍ട്ടിഡിസിപ്ലിനറി അഥവാ വിവിധമേഖലകള്‍മേഖലകള്‍ ഉള്‍പ്പെട്ട് വരുന്നതുമായ ‘റിയല്‍ ലൈഫ്’ പ്രോബ്ലം’ പരിചയപ്പെടുകയും, ശസ്ത്രീയമായി സമീപിക്കാനുള്ള പരിശീലനം നേടുകയും വേണം. ശാസ്ത്രവിഷയങ്ങളായാലും മാനവിക വിഷയങ്ങളായാലും വിജ്ഞാനോല്പാദനം കൂട്ടായ പ്രവര്‍ത്തനമാണ്. വിജ്ഞാനസമ്പാദനം പ്രയോഗം വിജ്ഞാനോല്പാദനം തുടങ്ങിയവ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സാദ്ധ്യമാകുന്ന രീതികള്‍ ലോകമെങ്ങും ഉന്നതവിദ്യഭ്യാസത്തിന്റെ ഭാഗമായിക്കഴിഞ്ഞു. അതു പോലെ തന്നെ പ്രധാനമാണ് ആശയസംവേദനം. ആര്‍ജ്ജിച്ച വിജ്ഞാനം ലളിതമായി ശ്രോതാക്കളോട് അവതരിപ്പിക്കാന്‍ കഴിയുക എന്നത് വിജ്ഞാനം സ്വാംശീകരിച്ചതിന്റെ മാനദണ്ഡമായാണ് ഇന്ന് പൊതുവേ കണക്കാക്കപ്പെടുന്നത്. ഇപ്പറഞ്ഞൊതൊക്കെ ‘ഐഡിയല്‍’ ആയി ഉടനെ നടപ്പാക്കപ്പെടണമെന്നല്ല പറയാനുദ്ദേശിക്കുന്നത്. പക്ഷേ തുടക്കം കുറിക്കാനുള്ള അവസരമാണ്. ഓണ്‍ ലൈന്‍ രീതിയില്‍ ഇതൊക്കെ ചെയ്യാനുള്ള പ്ലാറ്റ് ഫോമുകളും പ്രോഗ്രാമുകളും ലഭ്യവുമാണ്. ലബോറട്ടറി പരീക്ഷണങ്ങള്‍ക്ക് മുന്നോടിയായി സിമുലേഷന്‍സുപയോഗിച്ചുള്ള ഇന്റര്‍ -ആക്റ്റീവ് പരിശീലനം വ്യാപകമാവുന്ന കാലത്തിലേക്കാണ് നമ്മള്‍ പോകുന്നത്. അസ്സെസ്സ്‌മെന്റ് അഥവാ വിലയിരുത്തല്‍ കാര്യക്ഷമമായി നടത്താനുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ എമ്പാടുമുണ്ട്. അതിലേക്ക് കടക്കുന്നില്ല. അദ്ധ്യാപകരുടെ ജോലിയുടെ രീതി മാറുക എന്നാണര്‍ത്ഥം. ഓണ്‍ലൈനില്‍ ആണെങ്കിലും മുഖാമുഖ ക്ലാസ്സുകളാണെങ്കിലും.
വിദ്യഭ്യാസപ്രക്രിയ ഓണ്‍ലൈനില്‍ പൂര്‍ത്തിയാവില്ല എന്ന് പറയാറുണ്ട്. പഴയ ക്ലാസുമുറികളില്‍ പുതിയ കാലത്ത് ഒട്ടും പൂര്‍ത്തിയാവില്ല എന്നത് മറന്ന് കൊണ്ട് നമ്മളങ്ങനെ പറയുന്നതിലര്‍ത്ഥമില്ല. ലോകത്തെ മുന്‍നിര സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ അവരുടെ റഗുലര്‍ പ്രോഗ്രാമുകളുടെ ഭാഗമാക്കുക. ക്രെഡിറ്റ് നേടാനുള്ള മാര്‍ഗമായി അംഗീകരിക്കുന്നു. വിവിധ പ്ലാറ്റ് ഫോമുകളില്‍ അവരുടെ കോഴ്‌സുകള്‍ ലിസ്റ്റ് ചെയ്യുക. ഏറ്റവും കൂടുതല്‍ നൊബേല്‍ ജേതാക്കള്‍ വരുന്ന സ്റ്റാന്‍ഫോര്‍ഡിന്റെതുള്‍പ്പടെ കോഴ്‌സുകള്‍ ഓണ്‍ലൈനില്‍ ലഭ്യമായ കാലമാണ്. കോവിഡ് കഴിഞ്ഞാല്‍ ഒക്കെ അവസാനിപ്പിച്ച് പഴയ മട്ടിലാകാം എന്ന് കരുതുന്നത് അബദ്ധമാണ്. അതു പോലെ ബിരുദതലം വരെയുള്ള ശാസ്ത്ര-മാനവിക വിഷയങ്ങളില്‍ സമഗ്രമായ പഠനസമഗ്രികള്‍ ഇന്ന് ഫീസീടാക്കതെ തന്നെ ലഭ്യമാണ്. (അതിന് മുകളിലേക്കുമുണ്ട് അക്കദമികപഠനത്തിന്റെ ചിട്ടവട്ടത്തിലായിക്കൊള്ളണമെന്നില്ലെന്ന് മാത്രം.) ‘ഖാന്‍ അക്കാഡമി’ എന്ന ഒറ്റ പോര്‍ട്ടല്‍ മതി ബിരുദതലംവരെ ഏത് വിഷയവും പഠിക്കാന്‍. ബിരുദ സര്‍ട്ടിഫിക്കറ്റ് കിട്ടില്ലന്നേയുള്ളൂ. നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പാഠങ്ങളിലെ ഉച്ചാരണവും വിഷയത്തെ സമീപിക്കുന്ന രീതിയും അത്ര പരിചിതമാവാത്ത പ്രശ്‌നമേയുള്ളൂ. അതൊന്ന് പരിചയമാവുകയും സ്വന്തമായി ‘ഇനിഷ്യേറ്റീവ്’ ഉണ്ടാകുകയും ചെയ്താല്‍ പഠനം പിന്നെ പ്രശ്‌നമാവില്ല. സ്വന്തം സൗകര്യത്തിനനുസരിച്ച് അവരവരുടെ വേഗതയില്‍ പഠിക്കാം. അതായത് നമ്മുടെ ഉന്നതവിദ്യഭ്യാസ സ്ഥപനങ്ങള്‍ ഇനിയും ‘കണ്ടന്റ് ഡലിവറി’യില്‍ ഊന്നി മുന്നോട്ട് പോയാല്‍ ‘മ്യൂസിയം പീസുകളായി’ മാറാനാണ് വഴി. അത് കൊണ്ട് കണ്ടന്റിനപ്പുറത്തേക്ക് അദ്ധ്യാപകര്‍ പോകുകയും വിദ്യാര്‍ത്ഥികളെ വഴികാട്ടുകയും ചെയ്യുകയാവും പുതിയ കാലത്തെ അദ്ധ്യാപനം. അത് തുടങ്ങാനുള്ള ഏറ്റവും ഉചിതമായ അവസരമാണ് കോവിഡ് കാലത്തെ നിയന്ത്രണത്തിന്റെ രൂപത്തില്‍ എത്തിയിരിക്കുന്നത്. ആദ്യപടി സര്‍വകലാശാലകള്‍ ”ഇ-കണ്ടന്റ്” തയ്യാറാക്കുക തന്നെയാണ്.
ക്ലാസ്സ് മുറി തത്സമയം ഓണ്‍ലൈനില്‍

സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ ജേണലുകളിലുമൊക്കെ നടക്കുന്ന ചര്‍ച്ചകളില്‍ അദ്ധ്യപകരുടെ ഭാഗത്ത് നിന്ന് വരുന്ന പ്രധാന പരാതി, ലോഗിന്‍ ചെയ്തിട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങുന്നു, ശ്രദ്ധിക്കുന്നുണ്ടോ ഇരുന്നുറങ്ങുകയാണോ എന്നറിയാന്‍ കഴിയുന്നില്ല എന്നൊക്കെയാണ്. എല്ലാവരും വീഡിയോ ഉപയോഗിച്ചാല്‍ ബാന്‍ഡ്-വിഡ്ത്ത് പ്രശ്‌നമാവും. അതൊരു പരിഹാരവുമല്ല. രണ്ട് പ്രശ്‌നങ്ങളാണിവിടെ പ്രധാനമായി വരുന്നത്. ഒന്ന് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് തുടങ്ങുമ്പോഴുള്ള ബുദ്ധിമുട്ട്. രണ്ട് സാധാരണ ക്ലാസ്സ് റൂം അപ്പടി ഓണ്‍ലൈനിലേക്ക് മറ്റാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നം. അദ്ധ്യപകരറിയേണ്ട ഒരു കാര്യമുണ്ട്. കുട്ടികള്‍ നേരിട്ട് ക്ലാസ്സില്‍ ഇരിക്കുകയല്ല. വ്യത്യസ്തമായ ‘ആംബിയന്‍സില്‍’ എവിടെയോ ആണവര്‍. എല്ലാവരുടെയും സാഹചര്യമൊന്നല്ല താകും. പതിനഞ്ചു മിനിറ്റില്‍ കൂടുതല്‍ ശ്രദ്ധയോടെ സ്‌ക്രീനില്‍ സംഭാഷണം നോക്കിയിരിക്കാന്‍ സധാരണ കഴിയില്ലെന്നാണ് ബോധനശസ്ത്രമൊക്കെ പറയുന്നത്. വളരെ പ്രസാദാത്മകവും സജീവവുമായ സ്‌ക്രീന്‍ സാന്നിദ്ധ്യമാണെങ്കില്‍ കുറേക്കൂടിയൊക്കെ പിടിച്ചിരുത്താം എന്നേയുള്ളൂ. അതുകൊണ്ട് മുന്‍ പറഞ്ഞ പരാതിക്ക് വലിയ അര്‍ത്ഥമില്ല. അദ്ധ്യപക-വിദ്യാര്‍ത്ഥി ഇന്റര്‍ആക്ഷന്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ തത്സമയമോ അല്ലതെയോ നടത്താം. പക്ഷേ ഇതൊക്കെ വ്യത്യസ്ത പ്ലാറ്റ് ഫോമാണ്. അതിന്റേതായ രീതികളുണ്ട്. തത്സമയപരിപാടി ക്ലാസ്സ് റൂമിലെ പോലെയല്ല ചെയ്യേണ്ടത്. ഇരു കൂട്ടരുടെയും ഭാഗത്ത് നിന്ന് ചെറിയ ഒരുക്കവും രീതികള്‍ പരിചയിക്കയും വേണം. ‘ഇ കണ്ടന്റ്’ ഓണ്‍ ലൈന്‍ ലേണിങ്ങിന്റെ അവിഭാജ്യഘടകമാകുന്നത് അത് കൊണ്ടാണ്. ഇ കണ്ടന്റ് ശരിയായി ഉപയോഗിക്കയും തുടര്‍പഠന പ്രക്രിയകള്‍ നടത്തുകയുമാണ് വേണ്ടത്. അത് തത്സമയമോ അല്ലാതെയോ (synchronous or asynchronous) നടത്താന്‍ വഴികളുണ്ട്. ഒരു വീഡിയോ ലെസണ്‍ ശ്രദ്ധിച്ചോ എന്നറിയാനുള്ള മാര്‍ഗങ്ങള്‍ അനവധിയാണ്. സാധാരണ ഉപയോഗിക്കുന്ന ഒരു രീതി ലെസണ്‍ തീരുമ്പോള്‍ അഞ്ച് മിനിട്ട് കൊണ്ട് ചെയ്യേണ്ട ക്വിസ്സ് നല്‍കുകയാണ് ഒറ്റത്തവണയേ ഉത്തരം നല്കാന്‍ കഴിയൂ. പാഠം ശ്രദ്ധിച്ചോ എന്ന് കൃത്യമായി അറിയാം. വേറെയും മാര്‍ഗങ്ങളുണ്ട്. സിന്‍ക്രോണസ്/അസിന്‍ക്രോണസ് ഇന്റര്‍ആക്ഷന്‍ ഫലപ്രദമായി ചെയ്യാന്‍ കഴിയുന്ന പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്. മീഡിയവുമായി പരിചയമാവേണ്ട പ്രശ്‌നമേയുള്ളൂ. പൂര്‍ണമായി ക്യാമ്പസ്സിന് പകരം വയ്ക്കാന്‍ ഡിജിറ്റല്‍ പഠനവും വിര്‍ച്വല്‍ ക്യാമ്പസ്സും മതിയെന്ന വാദം ഉയര്‍ത്തുകയല്ല. ഉന്നത വിദ്യാഭ്യാസത്തിലെ സുപ്രധാനഘടകമായി മാറുകയാണെന്ന വസ്തുത സ്പഷ്ടമാക്കുക മാത്രമാണ്.
പിന്മടക്കം സാദ്ധ്യമല്ല

കോവിഡിന് വാക്‌സിന്‍ എത്തിയാലും കാര്യങ്ങള്‍ സാധാരണമട്ടിലാവാന്‍ ഇനിയും സമയമെടുക്കും. അടുത്ത അദ്ധ്യായനവര്‍ഷം ഭാഗികമായേ ക്യാമ്പസ് തുറക്കാന്‍ സാദ്ധ്യതയുള്ളൂ ഓണ്‍ലൈന്‍-ക്യാമ്പസ് ഹൈബ്രിഡ് രീതിക്കാണ് സാദ്ധ്യതയേറെ. ‘ഇ-കണ്ടന്റ്’ ലഭ്യമാക്കുക മാത്രമാണ് സങ്കരരീതിക്ക് ഉചിതമാവുക. ഓണ്‍ലൈനിലും കൂടാതെ വിദ്യാര്‍ത്ഥികളെ പല ബാച്ചുകളായി വിഭജിച്ച് മുഖാമുഖവും ക്ലാസുകള്‍ നല്‍കുക എന്നത് അദ്ധ്യാപകര്‍ക്ക് സാദ്ധ്യമാകാതെ വരും. പഠനത്തെ കൂടുതള്‍ താളം തെറ്റിക്കുന്ന അനുഭവമാകുമത്. അതുകൊണ്ട് നമ്മുടെ അക്കാദമിക് കമ്യൂണിറ്റി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണ്. തന്നെയുമല്ല, അദ്ധ്യാപകന്‍/അദ്ധ്യാപിക ക്യാപ്റ്റീവ് ആയി ക്ലാസ്സിലെ കുട്ടികളെ മാത്രം കണ്ടന്റ് പഠിപ്പിക്കുന്ന രീതിക്ക് ഒരു സാംഗത്യവും പുതിയ കാലത്തില്ല. വിജ്ഞാനസമ്പാദനത്തിന് താല്പര്യമുള്ളവര്‍ അതിനുതകുന്ന പ്ലാറ്റ്‌ഫോമുകളിലെക്ക് പോകും. ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേഷനുകള്‍ തൊഴിലിന് സ്വീകരിച്ച് തുടങ്ങുകയും ചെയ്യും. നമ്മുടെ കലാലയങ്ങള്‍ പഴയരീതിയില്‍ തുടര്‍ന്നാല്‍ ഒന്നോ രണ്ടോ ദശാബ്ദങ്ങള്‍ വേണ്ടി വരില്ല അവ ഫോസ്സിലൈസ് ചെയ്യപ്പെടാന്‍. നിര്‍മ്മിത ബുദ്ധിയുടെയും അഞ്ചാം തലമുറവിവരവിനിമയത്തിന്റെയും പുതിയ ഊര്‍ജസ്രോതസ്സുകളുടെയും ഹൈപര്‍ലൂപിന്റെയും ക്രിസ്പര്‍ ജീന്‍-എഡിറ്റിങ്ങിന്റെയും, സെനോ-ട്രാന്‍സ്പ്ലന്റേഷന്റെയും കാലത്തിലേക്കാണ് നമ്മള്‍ പോകുന്നത്. മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറുകയും അനുകൂലനപ്പെടുകയും ചെയ്യുകയാണ് അതിജീവനത്തിന്റെയും അഭ്യൂദയത്തിന്റെയും വഴി.

