തിരുവനന്തപുരം: 28 വർഷത്തിനു ശേഷം അഭയ കൊലക്കേസിൽ പ്രതികളെ ശിക്ഷിച്ച തിരുവനന്തപുരം സിബിഐ കോടതി ശ്രദ്ധേയമായ നിരവധി പരാമർശങ്ങളും വിധി പ്രസ്താവത്തിൽ നടത്തിയിട്ടുണ്ട്. അതിലൊന്ന് പിന്നീട് പ്രതികളുടെ പക്ഷത്തേക്ക് കൂറുമാറിയ അച്ചാമ്മയെന്ന പാചകക്കാരിയായ സ്ത്രീയ്ക്കു വേണ്ടി സുപ്രീം കോടതിയിൽ അഡ്വ.ഹരീഷ് സാൽവേ ഹാജരായതിനെ ‘വിചിത്രമായ സാഹചര്യം’ എന്ന് വിശേഷിപ്പിച്ചതാണ്. അഭയ കൊലക്കേസ് പ്രതികളെ ജീവപര്യന്തം ശിക്ഷിച്ച ജഡ്ജി സനൽകുമാറാണ് ഈ പരാമർശം നടത്തിയത്. ഹരീഷ് സാൽവേ എത്തിയതിന്റെ സാഹചര്യങ്ങളും വിധിയിൽ പറയുന്നുണ്ട്.
പയസ് ടെൻത് കോൺവെൻ്റിലെ പാചകക്കാരിയും പ്രോസിക്യൂഷൻ്റെ പതിനൊന്നാം സാക്ഷിയുമായ അച്ചാമ്മ സാമ്പത്തികമായി നന്നേ പിന്നാക്കമായ സാധാരണ ക്കാരിയായ ഒരു സ്ത്രീയായിരുന്നു. അച്ചാമ്മയെയും മറ്റ് രണ്ട് സാക്ഷികളെയും നാർകോ പരിശോധനയ്ക്ക് വിധേയമാക്കാൻ 2009 ൽ ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ അച്ചാമ്മയും മറ്റുള്ളവരും സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയിലെത്തിയ അച്ചാമ്മയ്ക്കായി ഹാജരായത് ഇന്ത്യയിലെ ഏറ്റവും വിലയേറിയ അഭിഭാഷകരിലൊരാളായ ഹരീഷ് സാൽവേയായിരുന്നു. കേസിൽ ഒന്ന് ഹാജരാകാൻ മാത്രം ലക്ഷങ്ങൾ വാങ്ങുന്ന ഹരീഷ് സാൽവേ അച്ചാമ്മയ്ക്കായി പരമോന്നത കോടതിയിലെത്തി എന്നതാണ് അഭയ കേസിൻ്റെ അന്തിമ വിധി പ്രസ്താവത്തിൽ പോലും പരാമർശിക്കപ്പെട്ടത്.
തന്റെ ഹർജി വാദിക്കാൻ സുപ്രീം കോടതിയിൽ ഹരീഷ് സാൽവെയെ ഏർപ്പെടുത്തിയതും ഫീസിനുള്ള പണം മുടക്കിയതും കോൺവെന്റാണെന്ന് സാക്ഷിയായ അച്ചാമ്മ തിരുവനന്തപുരത്തെ വിചാരണ കോടതിയിൽ മൊഴി നൽകിയിരുന്നു. അഡ്വ. ഹരീഷ് സാൽവെ ഹാജരായിരുന്നുവെന്ന് അവർ സമ്മതിച്ചു. എന്നാൽ, എങ്ങനെയാണ് ഇത്രയും ഉന്നതനായ അഭിഭാഷകൻ എത്തിയത് എന്നതിനെ കുറിച്ചൊന്നും തനിക്കറിയില്ലെന്നും അച്ചാമ്മ കോടതിയോട് പറഞ്ഞിരുന്നു. അച്ചാമ്മ സുപ്രീം കോടതിയിൽ നൽകിയിരുന്ന ഹർജിയെക്കുറിച്ച് പ്രോസിക്യൂഷനാണ് സിബിഐ കോടതിയെ അറിയിച്ചത്.
കേസ് നടത്താൻ ഹരീഷ് സാൽവെ ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന കാര്യം അറിയാമോ എന്ന് പ്രോസിക്യൂട്ടർ അച്ചാമ്മയോട് ചോദിച്ചിരുന്നു. അഭിഭാഷകന്റെ പേര് തനിക്ക് അറിയില്ല. തനിക്കൊന്നും അറിയില്ല. കേസിന് ഫീസ് മുടക്കിയത് കോൺവെന്റാണ് എന്നാണ് അച്ചാമ്മ മറുപടിയായി പറഞ്ഞിരുന്നത്.
2012-ൽ സുപ്രീം കോടതി അച്ചാമ്മയുടെ ഹർജിയിൽ വിധി പറഞ്ഞു. ഹർജി അനുവദിച്ചുകൊണ്ട് അച്ചാമ്മക്ക് അനുകൂലമായിരുന്നു വിധി.
വിചാരണ തിരുവനന്തപുരം കോടതിയിൽ നടക്കവെ അച്ചാമ്മ കൂറുമാറി പ്രതിഭാഗം ചേർന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതിനാൽ കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പ്രത്യേക സാഹചര്യങ്ങൾ വിലയിരുത്തി അച്ചാമ്മയുടെ മൊഴി കോടതി തള്ളിയില്ല.
കേസ് അട്ടിമറിക്കാൻ ചില ശക്തികൾ ശ്രമം നടത്തിയതായി കോടതി പറഞ്ഞു. അട്ടിമറിക്ക് പണവും ആൾബലവും ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി അനുമാനിക്കാമെന്നും കോടതി പറഞ്ഞു.