തമിഴ്നാട്ടില്‍ 16 കാരിയെ ഇരുന്നൂറിലധികം പേർക്ക് എത്തിച്ച് നൽകി; പീഡനത്തിന് ഇരയാക്കിയ പെൺവാണിഭ സംഘം അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടില്‍ 16 കാരിയെ ഇരുന്നൂറിലധികം പേർക്ക് എത്തിച്ചു നൽകി ക്രൂര പീഡനത്തിനിരയാക്കിയ സെക്സ് റാക്കറ്റ് പിടിയിൽ.

പെൺകുട്ടിയുടെ പിതാവിൻ്റെ സഹോദരിയാണ് പീഡനത്തിന് പിന്നിൽ. 26-12-2020 ശനിയാഴ്ചയാണ് പെൺകുട്ടിയുടെ പിതൃസഹോദരി ഉൾപ്പെടെ ആറംഗ പെണ്‍വാണിഭ സംഘത്തെ മധുര തലക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.

മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. മനുഷ്യക്കടത്ത് അന്വേഷിക്കുന്ന സംഘത്തിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത് എന്ന് മധുര ഡെപ്യൂട്ടി കമ്മീഷണര്‍ ശിവപ്രസാദ് പറഞ്ഞു.

നാലുവര്‍ഷം മുന്‍പാണ് പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെട്ടത്. അമ്മയ്ക്കു മാനസിക ദൗര്‍ബല്യമുണ്ടായിരുന്നതിനാൽ പെണ്‍കുട്ടിയുടെ സംരക്ഷണം അമ്മായി അന്നലക്ഷ്മി ഏറ്റെടുത്തു.

തുടർന്നാണ് പെണ്‍കുട്ടിയെ ഉപയോഗിച്ച് പെൺവാണിഭം നടത്തിയത്.
പണവും മൊബൈല്‍ഫോണുകളും നല്‍കി പെണ്‍കുട്ടിയെ വശീകരിച്ചതിന് ശേഷം കൂടുതൽ പണത്തിനായി ലൈംഗികതൊഴിലാളിയായ സുമതിയെന്ന സ്ത്രീയുടെ അടുത്തേക്ക് എത്തിക്കുകയായിരുന്നു.

സുമതി പെൺകുട്ടിയെ ലോറിത്താവളങ്ങളിൽ അടക്കം എത്തിച്ച് വിൽപന നടത്തി. തുടര്‍ന്ന് സുമതി സുഹൃത്തുക്കളായ അനാര്‍ക്കലി, തങ്കം, ചന്ദ്രകല എന്നിവര്‍ക്കു കൈമാറി. ഇവരും പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു. സംശയിക്കപ്പെടാതിരിക്കാൻ ആംബുലന്‍സിലാണ് പെണ്‍കുട്ടിയെ ആവശ്യക്കാരുടെ അടുത്ത് എത്തിച്ചിരുന്നത്.

ആംബുലൻസ് ഡ്രൈവര്‍ ചിന്നത്തമ്പിയെ പോലീസ് തിരയുകയാണ്. പ്രതികളുടെ ഫോണുകളും പരിശോധിച്ചു വരുന്നു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കു ശേഷം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →