കാൽപ്പനികതയുടെ വർണ്ണാഭ കെട്ടടങ്ങി കൊണ്ടിരുന്ന കാവ്യ സന്ദർഭത്തിലാണ് സുഗതകുമാരി കവിതകളുടെ വരവ്. ആധുനികതയുടെ സന്ദേഹങ്ങളോ പാരുഷ്യമോ കൈയാളാതെ കാൽപനികതയുടെ പുതിയ വഴിച്ചാലുകളിലൂടെ കവിതയെ ഉണർത്തിയെടുക്കുന്ന രാസ പ്രക്രിയയാണ് ആ കവിതകളുടെ പ്രത്യേകത. മഹാകവി പി, ചെങ്ങമ്പുഴ എന്നിവരെ അനുസ്മരിപ്പിക്കുന്ന പദ സംവിധാന രീതിയും കാല്പനിക ഭാവങ്ങളും സുഗതകുമാരി കവിതയെ ആധുനിക കവിതകളിൽ നിന്നു വ്യത്യസ്തമാക്കി. അതുകൊണ്ടാണ് ലീലാവതി ടീച്ചർ ”ആധുനിക യുഗത്തിലെ അഭിനവ റൊമാൻറിക് കവി” എന്ന് സുഗതകുമാരിയെ വിശേഷിപ്പിച്ചത് .
കാലംതെറ്റി പിറന്ന കാല്പനികതയെ അല്ല കവയിത്രിയിൽ കാണാൻ കഴിയുന്നത്.
വൃഥാസ്ഥൂലതയും അമിത ഭാവ വൈവശ്യവും ചോർത്തിക്കളഞ്ഞ
കാൽപ്പനികതയുടെ നേർത്ത ഭാവത്തിൻ്റെ തിരിയിൽ നിന്നാണ്
കവിത തെളിഞ്ഞുവരുന്നത്.
ഒറ്റനോട്ടത്തിൽ ഏകതാനമെന്ന് തോന്നാവുന്ന കാവ്യ ലോകത്തിൻ്റെ വിഷയവൈവിധ്യം അമ്പരപ്പിക്കുന്നതാണ്. രാധാകൃഷ്ണ പ്രണയം,
പരിസ്ഥിതി പ്രശ്നങ്ങൾ, ആദിവാസി ദളിത് സങ്കടക്കാഴ്ചകൾ,
രാഷ്ട്രീയം,സാമൂഹിക പ്രശ്നങ്ങൾ നിരാലംബ സ്ത്രീ ജീവിതങ്ങൾ എന്നിങ്ങനെ വിഷയവൈവിധ്യം കൊണ്ട് വ്യതിരിക്തമാക്കുന്ന എല്ലാ കവിതകളിലും മുറിവേറ്റ ചിറകൊടിഞ്ഞ ഒരു കാട്ടുപക്ഷിയുടെ നിലവിളി അടക്കം ചെയ്തിട്ടുണ്ട്.
അതുകൊണ്ടുതന്നെയാണ് കവിതകളുടെ അന്തർധാര വിഷാദമായി തീർന്നത്.
ദുഃഖ സാന്ദ്രമായ സംഗീതം അടിസ്ഥാനധാരയായ ഗാനം പോലെ കവിതകളിലെ അന്തർവൃത്തിയായ ഭാവശീലം വിഷാദമാണ്. ആത്മാവിൽ പേറുന്ന മുള്ളുകൾ ഏൽപ്പിക്കുന്ന നീറുന്ന വേദന വിഷാദത്തിലേക്ക് അല്ലാതെ മറ്റ് എന്താവാൻ.
സാമൂഹികാവസ്ഥകൾ ദുഃഖ കേന്ദ്രീകൃതം ആവുമ്പോൾ അവയെ തൊട്ടറിയുന്ന കവയിത്രിയുടെ ചിന്തകൾക്ക് ദുഃഖശ്രുതിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
സമാന ഹൃദയർക്കായും പാടുന്ന കവയിത്രിയുടെ വിഷാദം കാൽപനികതയുടെ നീരാന്ധ്രവിഷാദത്തിൽ നിന്നും വ്യതിരിക്തമാണ്.
സ്വന്തം ആത്മാവിൻറെ മുറിവുകളെക്കുറിച്ച് മാത്രമല്ല അവർ പാടുന്നത്, വൈയക്തിക ദുഃഖങ്ങൾക്കു പോലും സാമൂഹിക മുഖം നൽകാൻ കഴിയുന്നിടത്താണ് കവിതയുടെ വിജയം. എരിയുന്ന സ്നേഹാർദ്രമായ ജീവിതത്തിൻറെ തിരിയിൽ ജ്വലിക്കുന്നത് ദുഃഖജ്വാല തന്നെയാണ്.ചിലപ്പോഴൊക്കെ ആ ദുഃഖം അനാദ്യന്തവും അജ്ഞാതകേതുകവുമാവുന്നത് സ്വാഭാവികം തന്നെ. എങ്കിലും ഒരു താരകയെ കണ്ടാൽ രാവ് മറക്കുന്ന കവിമനസ്സിൻ്റെ മാന്ത്രികത വിഷാദത്തിൻ്റെ ചാരനിറത്തിലേക്ക് ചിലപ്പോഴൊക്കെ പ്രഭാതത്തിൻ്റെ, പ്രതീക്ഷയുടെ തട്ടിപ്പു കൊണ്ടുവരുന്നുണ്ട്.
പ്രകൃതിയുടെ കാവലാളായി കവിതയിൽ നിറഞ്ഞുനിന്ന ഓരോ പച്ചപ്പും ഓരോ നീർച്ചോലയും അപ്രത്യക്ഷമാവുന്നതിനു ചൊല്ലിക്കലഹിച്ചു .
മഴുതിന്ന മാമരക്കാടുകൾ ചൂണ്ടിക്കാട്ടി ഭൂമിയുടെ ശ്വാസകോശങ്ങൾ തകർക്കുന്ന പുത്തൻ വികസന തന്ത്രങ്ങളെ നിരന്തരം ചോദ്യം ചെയ്തു കൊണ്ടേയിരുന്നു. നാഗരികതയുടെ ആർത്തി പിടിച്ച കരങ്ങൾ ആദിവാസി-ദളിത് ജീവിതങ്ങളെ ഞെരിച്ചമർത്തുന്ന കാഴ്ചകളെ കാണാതിരിക്കാൻ കവയിത്രിക്കു കഴിഞ്ഞില്ല.
തെരുവിൽ പിച്ചിച്ചീന്തപ്പടുന്ന പെൺശരീരങ്ങളെ കുറിച്ചുള്ള ചിന്തകൾ തീക്ഷ്ണനൊമ്പരമായി വരികളിലേക്ക് കത്തിപ്പടരുന്ന കാഴ്ചകൾ സമൂഹ മനസ്സിൻറെ നെഞ്ച് പൊള്ളിക്കാതിരുന്നിട്ടില്ല.
പ്രണയവും വിരഹവും ഇടകലർന്ന രാധാകൃഷ്ണ ബന്ധത്തിൻറെ വ്യത്യസ്ത ഭാവങ്ങൾ മലയാളിയുടെ ഭാവുകത്വത്തെ എത്രമേൽ തൊട്ടുണർത്തി എന്ന് പറഞ്ഞറിയിക്കാനാവില്ല. ഇങ്ങനെ വിഷയവൈവിധ്യം കൊണ്ടും ആവിഷ്കാര മാധുര്യം കൊണ്ടും കാലഘട്ടങ്ങളുടെ മാറ്റങ്ങളെ തൊട്ടറിഞ്ഞ സുഗതകുമാരി കവിത ഒഴുകിക്കൊണ്ടേയിരിക്കുന്നു.
എഴുത്തിൽ കാലഘട്ടത്തിൻറെ കാലൊച്ചകൾ ബോധപൂർവ്വമോ അബോധപൂർവ്വമോ കടന്നു വരിക സ്വാഭാവികമാണ്. എഴുത്തുകാരൻ ദന്തഗോപുര വാസി അല്ല അതിനാൽ സാമൂഹിക സംഘർഷങ്ങളും സമ്മർദങ്ങളും എഴുത്തിൽ നിഴലിക്കുക സ്വാഭാവികം. കൂടുകയോ കുറയുകയോ ചെയ്യുന്നതിൽ മാത്രമേ വ്യത്യാസമുള്ളൂ. അല്ലാതെ സാമൂഹിക മാറ്റങ്ങളെ പാടേ വിസ്മരിച്ചു കൊണ്ട് ഒരു രചന ഒരിക്കലും സാധ്യമല്ല.
ഇങ്ങനെ കാലത്തെയും കാഴ്ചയെയും വാറ്റിയെടുത്ത കൃതികൾക്ക് എഴുത്തുകാരൻ ഉദ്ദേശിച്ച അർത്ഥഭാവതലം മാത്രമല്ല ഉള്ളത്. ഒരൊറ്റ പാഠം മാത്രമായി ഒരു കൃതിക്കു നിലകൊള്ളാനും സാധ്യമല്ല.
വ്യത്യസ്ത നിലപാടു തറകളിൽ നിന്നുകൊണ്ട് കൃതിയിലെ താക്കോൽ വാക്കുകൾകൊണ്ട് പുതിയ പാഠങ്ങൾ സൃഷ്ടിക്കാൻ വായനക്കാരൻ കഴിയും.
ഇങ്ങനെ നിർമിക്കുന്ന ഓരോ പാഠങ്ങളും വിരുദ്ധമല്ല അവ പരസ്പരപൂരകങ്ങളാണ്.
( ക്രിയേറ്റിഫ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ‘പ്രേമ മുരളികയിലെ പാടിത്തീരാത്ത ഗാനം പോലെ ‘ എന്ന ലേഖന സമാഹാരത്തിൽ നിന്നും.)