ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷകബില്ലുകളെ അനുകൂലിച്ച് പുറത്തിറക്കിയ പരസ്യത്തില്‍ നിയമവിരുദ്ധമായി തന്റെ ചിത്രം നല്‍കിയതിനെതിരെ പരാതിയുമായി യുവകര്‍ഷകന്‍. സിംഗു അതിര്‍ത്തിയില്‍ പ്രതിഷേധം നടത്തുന്ന ഹര്‍പ്രീത് സിംഗ് ആണ് ബി.ജെ.പിയ്‌ക്കെതിരെ രംഗത്തെത്തിയത്.
പരസ്യത്തില്‍ നല്‍കിയ ഫോട്ടോയും തന്റെ യഥാര്‍ത്ഥ ഫോട്ടോയും ചേര്‍ത്ത് ബി.ജെ.പിയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് ഹര്‍പ്രീത്. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ സ്വദേശിയായ ഹര്‍പ്രീത് അഭിനയരംഗത്തും സജീവമാണ്.
എന്നാല്‍ കര്‍ഷക ബില്ലുകള്‍ക്കെതിരെ നിലപാടെടുത്തിരിക്കുന്ന തന്റെ ചിത്രം ബില്ലിനെ അനുകൂലിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
കര്‍ഷകബില്ലുകളെ പിന്തുണയ്ക്കുന്ന രീതിയിലാണ് പരസ്യപോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കലപ്പയുമായി നില്‍ക്കുന്ന ഹര്‍പ്രീതിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. പഞ്ചാബിലെ ബി.ജെ.പി ഘടകമാണ് ഇതിനു പിന്നിലെന്നാണ് ഹര്‍പ്രീത് പറയുന്നത്.ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ഫോട്ടോയാണ് ബി.ജെ.പി പരസ്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്. തന്റെ അനുവാദമില്ലാതെ ഫേസ്ബുക്ക് പേജില്‍ നിന്നുമാണ് അവര്‍ ഈ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതെന്നായിരുന്നു ഹര്‍പ്രീത് പറഞ്ഞത്.
‘ബി.ജെ.പിയുടെ പോസ്റ്റര്‍ ബോയ് എന്നാണ് ഇപ്പോള്‍ ആളുകള്‍ എന്നെ പരിഹസിക്കുന്നത്. ഞാന്‍ അവരെ പിന്തുണയ്ക്കുന്നില്ല. പ്രതിഷേധിക്കുന്ന കര്‍ഷകരുടെ പോസ്റ്റര്‍ ബോയ് എന്ന പേര് കേള്‍ക്കാനാണ് ഇഷ്ടം’, ഹര്‍പ്രീത് പറഞ്ഞു.

