കൊടുവളളി: കാരാട്ട് ഫൈസലിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനത്തില്‍ സിപിഎം പതാക ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ആഹ്ളാദ പ്രകടനവും വിവാദമാവുന്നു. കൊടുവളളി നഗരസഭയിലെ മോഡേണ്‍ ബസാര്‍ ഡിവിഷനില്‍ ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ആഹ്‌ളാദ പ്രകടനത്തില്‍ കരിപ്പൂര്‍ സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതി അബുലെയ്‌സ് പങ്കെടുത്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
മോഡേണ്‍ ബസാര്‍ ഡിവിഷനില്‍ നിന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.കെ സുബൈറാണ് വിജയിച്ചത്. ഫലപ്രഖ്യാപനം നടന്ന ഉടനെ സുബൈറിനെ ആനയിച്ച് നടത്തിയ പ്രകടനത്തിലാണ് സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി അബുലെയ്‌സ് പങ്കെടുത്തത്. അബുലെയ്‌സ് വര്‍ഷങ്ങളോളം വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ആളാണ്. തൃശൂരില്‍ ഒരു ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പഴാണ് ഡിആര്‍ഐ സംഘം അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചത്. കൊഫെപോസ പ്രകാരം ഏഴുമാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.
നഗരസഭയില്‍ യുഡിഎഫ് കോണ്‍ഗ്രസിന് നല്‍കിയ പത്ത് സീറ്റുകളില്‍ ഒന്നായിരുന്നു മോഡേണ്‍ ബസാര്‍ ഡിവിഷന്‍. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ശേഷം പി.കെ. സുബൈര്‍ വിമത ഭീഷണി ഉയര്‍ത്തി സ്വതന്ത്രനായി രംഗത്ത് വരികയായിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപിന്‍വാങ്ങിയത്.
ഈ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മാറ്റി പകരം സുബൈറിനെ മത്സരിപ്പിച്ചതിന് പിന്നില്‍ അബുലെയ്‌സ് ആണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. സ്വര്‍ണ്ണകടത്ത് സംഘവുമായി യുഡിഎഫിനുളള ബന്ധമാണ് ഇത് തെളിയിക്കുന്നതെന്ന് മോഡേണ്‍ ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഈസി മുഹമ്മദ് ആരോപിച്ചിരുന്നു. എന്നാല്‍ മറ്റുളളവര്‍ പങ്കെടുത്തതുപോലെമാത്രമേ അബുലെയ്‌സ് പങ്കെടുത്തതിനെയും കാണുന്നുളളുവെന്നും അവരൊന്നും പാര്‍ട്ടി പ്രവര്‍ത്തകരോ അനുഭാവികളോ അല്ലെന്നും മുസ്ലീം ലീഗ് നഗരസഭാ കമ്മറ്റി പ്രസിഡണ്ട് വി.കെ. അബ്ദുഹാജി പറഞ്ഞു.