ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പത്ത് കോടി രൂപ ഉടനടി തിരിച്ചു നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പത്ത് കോടി രൂപ ഉടനടി തിരിച്ചു നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം പണം നൽകിയത് നിയമവിരുദ്ധമെന്നാണ് ഹൈക്കോടതിയുടെ ഫുൾ ബഞ്ച് വിധി.

ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുക്കളുടെയും അവകാശി ഗുരുവായൂരപ്പനാണ് എന്ന് ഹൈക്കോടതി ഫുൾബഞ്ച് ഉത്തരവിൽ വ്യക്തമാക്കി.

ബിജെപി നേതാവ് എൻ നാഗേഷ് അടക്കമുള്ളവർ നൽകിയ ഒരുകൂട്ടം ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്.

ട്രസ്റ്റി എന്ന നിലയിൽ സ്വത്തുവകകൾ പരിപാലിക്കാൻ മാത്രമേ ദേവസ്വം ബോർഡിന് അവകാശമുള്ളൂ. അത് വേറാർക്കും കൈമാറാൻ അവകാശമില്ല എന്ന് ദേവസ്വം നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.
ആ നിയമത്തിന്‍റെ പരിധിയിൽ നിന്ന് മാത്രമേ ഭരണസമിതിക്ക് പ്രവർത്തിക്കാനാകൂ എന്നും ഹൈക്കോടതി ഫുൾബഞ്ച് ഉത്തരവിൽ പറയുന്നു.

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ദേവസ്വം ബോർഡിന്‍റെ പ്രവർത്തനപരിധിയിലോ, അധികാരപരിധിയിലോ വരില്ല. ഇക്കാര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് ദേവസ്വം ബോർഡിന് നിർദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.

ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയ തുക എങ്ങനെ തിരികെ ഈടാക്കണമെന്നത് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തീരുമാനിക്കണമെന്നും ഉത്തരവ് നിർദേശിക്കുന്നു. പ്രളയകാലത്തും കൊവിഡ് കാലത്തുമായി 10 കോടി രൂപയാണ് ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.

Share
അഭിപ്രായം എഴുതാം