ന്യൂഡൽഹി: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകളുടെ കേസ് സുപ്രീം കോടതി തിങ്കളാഴ്ച(14/12/2020) പരിഗണിക്കും ഫ്ലാറ്റ് നിർമാതാക്കളിൽ നിന്ന് എങ്ങനെ നഷ്ടപരിഹാര തുക ഈടാക്കും എന്നതിൽ കോടതി നിലപാട് വ്യക്തമാക്കിയേക്കും. ഇടക്കാല നഷ്ടപരിഹാരമായ 62 കോടിയിൽ നിർമാതാക്കൾ 4 കോടി 89 ലക്ഷം രൂപ മാത്രമാണ് നൽകിയിട്ടുള്ളത്.
വസ്തുക്കൾ വിറ്റ് നഷ്ടപരിഹാരം നൽകാൻ ആൽഫ വെഞ്ചേഴ്സും ജയിൻ ഹൗസിങും നൽകിയ അപേക്ഷകൾ തള്ളിയതായി ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി കോടതിയെ അറിയിച്ചിട്ടുണ്ട്. ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇടക്കാല നഷ്ടപരിഹാരമായി നൽകിയ 62.25 കോടി രൂപ സർക്കാരിന് തിരികെ ലഭിക്കണമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
തീരദേശ നിയമം ലംഘിച്ച കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ സംവിധായകൻ മേജർ രവി നൽകിയ കോടതി അലക്ഷ്യ ഹർജിയും ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് ഇതോടൊപ്പം പരിഗണിക്കും.

