ലിമ: ടെസ്റ്റ് വോളന്റിയർമാരിൽ ഒരാൾക്ക് ന്യൂറോളജിക്കൽ പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ചൈനീസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ സിനോഫാം നിർമ്മിച്ച കോവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ പെറു താൽക്കാലികമായി നിർത്തിവച്ചു.
ഒരു സന്നദ്ധപ്രവർത്തകന് നാഡീ സംബന്ധമായ ബുദ്ധിമുട്ടുണ്ടായതിനെത്തുടർന്ന് ക്ലിനിക്കൽ ട്രയൽ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി പെറുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അറിയിച്ചു.
“ഞങ്ങളുടെ പങ്കാളികളിൽ ഒരാൾക്ക് ട്രയലുകളിൽ ന്യൂറോളജിക്കൽ പ്രശ്നങ്ങൾ കാണപ്പെട്ടു. ഈ ലക്ഷണങ്ങൾ ഗ്വിലെയ്ൻ-ബാരെ സിൻഡ്രോം എന്ന രോഗാവസ്ഥയ്ക്ക് സമാനമാണെന്ന് ഞങ്ങൾ റെഗുലേറ്ററി അധികാരികളെ അറിയിക്കുകയായിരുന്നു” മുഖ്യ ഗവേഷകനായ ജർമ്മൻ മലാഗ പറഞ്ഞു.
കൈകളുടെയും കാലുകളുടെയും ചലനത്തെ ബാധിക്കുന്ന അപൂർവമായ പകർച്ചവ്യാധിയാണ് ഗുയിലെയ്ൻ-ബാരെ സിൻഡ്രോം. ഈ രോഗത്തിൻ്റെ ഒന്നിലധികം കേസുകൾ റിപ്പോർട് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ജൂണിൽ അഞ്ച് മേഖലകളിൽ പെറു താൽക്കാലിക ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
പെറുവിയൻ സർക്കാർ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തെയും കുത്തിവയ്ക്കാൻ ചൈനീസ് കമ്പനിയിൽ നിന്നും 20 ദശലക്ഷം വാക്സിൻ ഡോസുകൾ വരെ വാങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു.
അർജന്റീന, റഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിലെ സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ ലോകമെമ്പാടുമുള്ള 60,000 പേർ സിനോഫാർം വാക്സിൻ എടുത്തിട്ടുണ്ട്.
കോവിഡിൽ ലോകത്തിലെ ഏറ്റവും ഉയർന്ന ആളോഹരി മരണനിരക്ക് നിലവിൽ പെറുവിലുണ്ട്, വെള്ളിയാഴ്ച(11/12/20) വരെ 36,499 കോവിഡ് മരണങ്ങളും 979,111 കോവിഡ് പോസിറ്റീവ് കേസുകളും പെറുവിൽ ഉണ്ടായിട്ടുണ്ട്.

