ന്യൂഡല്‍ഹി: മൂന്ന് കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള പുനര്‍വിചിന്തനം സാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിക്കുമ്പോള്‍ പ്രക്ഷോഭം ശക്തമാക്കാന്‍ ഒരുങ്ങി കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഡിസംബര്‍ പതിനാലിന് നിരാഹാര സമരം നടത്താന്‍ കര്‍ഷക സംഘടനകള്‍. കര്‍ഷക യൂണിയന്‍ നേതാക്കളായിരിക്കും നിരാഹാരമിരിക്കുകയെന്ന് യൂണിയന്‍ നേതാവ് കമല്‍ പ്രീത് സിംഗ് പന്നു അറിയിച്ചു.രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുള്ള മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷക നേതാക്കള്‍ നിരാഹാരമനുഷ്ടിക്കുന്നത്.
കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. എന്നാല്‍ തങ്ങളുടെ ആവശ്യം നിയമങ്ങള്‍ പിന്‍വലിക്കണമെന്നത് തന്നെയാണ്. മറ്റ് ആവശ്യങ്ങളിലേക്ക് കടക്കുന്നത് അതിന് ശേഷം മാത്രമായിരിക്കും. കര്‍ഷക സമരത്തെ തകര്‍ക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും. കര്‍ഷകര്‍ക്കിടയിലേക്ക് മറ്റ് ചിലരെ കയറ്റിവിട്ട് തങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തി. എന്നാല്‍ തങ്ങള്‍ സമാധാനപരമായി സമരത്തെ വിജയത്തിലേക്ക് എത്തിക്കുമെന്നും കമല്‍ പ്രീത് സിംഗ് പന്നു കൂട്ടിച്ചേര്‍ത്തു
തിങ്കളാഴ്ച രാവിലെ 11 ന് രാജസ്ഥാനിലെ ഷാജഹാന്‍പൂരില്‍ നിന്ന് ജയ്പൂര്‍-ദില്ലി ഹൈവേയിലൂടെ ആയിരക്കണക്കിന് കര്‍ഷകര്‍ ദില്ലി ചലോ മാര്‍ച്ച് ആരംഭിക്കുമെന്ന് കര്‍ഷക നേതാവ് കന്‍വാല്‍പ്രീത് സിംഗ് പന്നു പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരും ദില്ലിയിലുള്ള പ്രതിഷേധക്കാരുമായി കൂടിച്ചേരാനുള്ള യാത്രയിലാണെന്നും വരും ദിവസങ്ങളില്‍ അവര്‍ പ്രക്ഷോഭത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമേ കര്‍ഷകര്‍ ദില്ലി- ജയ്പൂര്‍ ദേശീയ പാതയും ഉപരോധിക്കും. സ്ത്രീകളോടും പ്രക്ഷോഭത്തില്‍ പങ്കാളികളാവാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

