ലണ്ടന്‍: കോവിഡ് ഓരോ വ്യക്തിയിലും വ്യത്യസ്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ചിലരില്‍ ശക്തമായ ശാരീരിക ആഘാതങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ചിലര്‍ക്ക് ലക്ഷണങ്ങളൊന്നുമില്ലാതെ വന്ന് അപ്രത്യക്ഷമാവുന്നു. ഇതിന്റെ കാരണം മനുഷ്യനില്‍ കാണപ്പെടുന്ന ജീനുകളാണെന്നാണ് പഠനം. ഇത്തരത്തില്‍ ശരീരത്തില്‍ കടന്നു കഴിയുമ്പോള്‍ കൊറോണയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്ന മനുഷ്യരിലെ അഞ്ചു പ്രത്യേക ജീനുകളാണ് ബ്രിട്ടനിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. മനുഷ്യനെ മരണത്തിലേക്ക് നയിക്കുന്നതും ഇതേ ജീനുകളാണ്. കോവിഡ് പ്രതിരോധ ഗവേഷണങ്ങളില്‍ നിര്‍ണായകമാവുന്ന കണ്ടെത്തലാണിത്.
ടിവൈകെ 2, ഡിപിപി9 എന്നിങ്ങനെയുള്ള രണ്ട് ജീനുകള്‍ കാണപ്പെട്ടത് ക്രോമസോം 19ലും ഐഎദ്എന്‍ എആര്‍2 എന്ന ജെന്‍ കാണപ്പെട്ടത് ക്രോമസോം 21 ലും ആയിരുന്നു. മറ്റു രണ്ട് ജീനുകളായ സിസിആര്‍ 2ഉം ഒഎഎസ്1 ഉം യഥാക്രമം ക്രോമസോം 4ലും 12 ലുമാണ് കാണപ്പെട്ടത്.
ബ്രിട്ടനിലെ 208 ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലെ 2,700 രോഗികളുടെ ഡിഎന്‍എ സാംബിള്‍ ശേഖരിച്ച് യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബര്‍ഗിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തല്‍. ഇവരില്‍ 22 ശതമാനം പേര്‍ പിന്നീട് മരണമടഞ്ഞു. 74 ശതമാനം പേര്‍ക്ക് ശ്വാസോഛാസത്തിന് തടസ്സമുണ്ടായി വെന്റിലേറ്ററിനെ ആശ്രയിക്കേണ്ടതായി വന്നു. ഇവരുടെ ജനിതക ഘടന, ബ്രിട്ടനിലെ മറ്റ് ലക്ഷത്തോളം പേരുടെ ജനിതകഘടനയുമായി താരതമ്യപഠനം നടത്തിയപ്പോള്‍ അഞ്ച് പ്രത്യേക ജീനുകളുടെ സാന്നിദ്ധ്യം ഇവരില്‍ കണ്ടെത്തി. എന്നാല്‍ ഈ ജീനുകള്‍ മറ്റ് സാധാരണക്കാരില്‍ ഉണ്ടായിരുന്നില്ല.

