മെല്‍ബണ്‍: കോവിഡ് വാക്‌സിന്‍ എടുത്തവരിൽ തെറ്റായ എച്ച്‌ഐവി പരിശോധനാ ഫലം കണ്ടതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയ പരീക്ഷണം നിര്‍ത്തിവച്ചു.
ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റി ബയോടെക് കമ്പനിയായ സിഎസ്‌എല്ലുമായി ചേര്‍ന്നു വികസിപ്പിച്ച വാക്‌സിന്റെ പരീക്ഷണമാണ് നിര്‍ത്തിയത്.
വാക്‌സിന്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ എച്ച്‌ഐവി പരിശോധനയെ ബാധിക്കുന്നതു കൊണ്ടാണ് പരീക്ഷണം നിർത്തിയത്.
216 എന്ന പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. വാക്‌സിന്‍ കൊറോണ വൈറസിനെതിരെ സുരക്ഷിത കവചം സൃഷ്ടിക്കുന്നുണ്ട് . ശരീരത്തില്‍ മറ്റു പാര്‍ശ്വ ഫലങ്ങൾ ഉണ്ടാക്കുന്നുമില്ല. പരീക്ഷണത്തിന് വിയേരായവരിൽ ഒരുവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും കമ്പനി പറഞ്ഞു.
എന്നാല്‍ തെറ്റായ എച്ച്ഐവി ഫലം ചിലരിൽ പ്രത്യക്ഷപ്പെടുന്നതാണ് പ്രതികൂല ഘടകമായത് . ഹ്യൂമണ്‍ ഇമ്യൂണോ വൈറസിന്റെ സാന്നിധ്യം ശരീരത്തില്‍ ഇല്ലെങ്കിലും എച്ച്‌ഐവി പോസിറ്റിവ് എന്ന റിസല്‍ട്ട് ഉണ്ടാകാന്‍ ആന്റിബോഡികള്‍ കാരണമാകുന്നു. തെറ്റായ ഫലം നൽകുന്നതിനാൽ
വാക്‌സിന്‍ വിതരണം ചെയ്താല്‍ ആരോഗ്യമേഖല താളം തെറ്റുമെന്നും സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ നല്‍കിയ ഫയലിങ്ങില്‍ കമ്പനി അറിയിച്ചു. പരീക്ഷണം ഉപേക്ഷിച്ചതില്‍ അതിശയിക്കാനില്ലെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍
പറഞ്ഞു.
ഓസ്‌ട്രേലിയന്‍ ആരോഗ്യമേഖല അതീവ ജാഗ്രതയോടെയാണ് മുന്നോട്ടുപോവുന്നത് എന്നതിനു തെളിവാണ് പരീക്ഷണം ഉപേക്ഷിക്കാനുള്ള തീരുമാനമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അടിയന്തരമായി വാക്‌സിന്‍ വികസിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം. ഇപ്പോഴത്തെ വാക്‌സിന്‍ തന്നെ പരിഷ്‌കരിച്ച് പരീക്ഷണം തുടരാനാവുമെങ്കിലും അതിനു സമയമില്ലെന്ന് ക്യൂന്‍സ് ലാന്‍ഡ് സര്‍വകലാശാലാ അധികൃതര്‍ പറഞ്ഞു. കൂടുതല്‍ സമയമെടുക്കുന്ന നടപടികളിലേക്കു കടക്കില്ലെന്ന് വാക്‌സിന്‍ ഗവേഷണത്തിനു നേതൃത്വം നല്‍കിയ പോള്‍ യങ് പറഞ്ഞു.

