കമല്‍ഹാസന്റെ തെരഞ്ഞെടുപ്പ് പ്രചരണം 13ന് ആരംഭിക്കും

ചെന്നൈ: 2021ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണം ഡിസംബര്‍ 13 മുതല്‍ ആരംഭിക്കുമെന്ന് മക്കള്‍ നീതി മയം (എംഎന്‍എം) മേധാവിയും നടനുമായ കമല്‍ ഹാസന്‍ അറിയിച്ചു.ഡിസംബര്‍ 13-16 തീയതികളില്‍ തന്റെ ആദ്യ ഘട്ട പ്രചാരണത്തിന് തുടക്കം കുറിക്കുമെന്ന് എംഎന്‍എം വൈസ് പ്രസിഡന്റ് ഡോ. ആര്‍. മഹേന്ദ്രനും പറഞ്ഞു.നാല് ദിവസത്തെ ഷെഡ്യൂളില്‍ മധുര, തെനി, ദിണ്ടുഗുള്‍, വിരുദുനഗര്‍, തിരുനെല്‍വേലി, തൂത്തുക്കുടി, കന്നിയകുമാരി ജില്ലകളില്‍ കമല്‍ഹാസന്‍ പര്യടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 3.77% വോട്ടു നേടിയ മക്കള്‍ നീതി മയ്യം ചെന്നൈയും കോയമ്പത്തൂരുമുള്‍പ്പെടെ നഗര മേഖലയില്‍ കരുത്തു കാട്ടിയിരുന്നു.

ഒക്ടോബറില്‍ പാര്‍ട്ടി പ്രസിഡന്റ് കമല്‍ ഹാസനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി നിയമസഭാ തിരഞ്ഞെടുപ്പു നേരിടാന്‍ മക്കള്‍ നീതി മയ്യം നിര്‍വാഹക സമിതി യോഗം തീരുമാനിച്ചിരുന്നു. സഖ്യം, വിവിധ തിരഞ്ഞെടുപ്പു കമ്മിറ്റികള്‍ എന്നിവയെക്കുറിച്ച് തീരുമാനമെടുക്കാന്‍ കമല്‍ ഹാസനെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സമാന മനസ്‌കരായ പാര്‍ട്ടികളുമായി സഖ്യമാകാമെന്നു പാര്‍ട്ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണു കമല്‍ ഹാസനെ ചുമതലപ്പെടുത്തിയത്. രജനീകാന്ത് പാര്‍ട്ടി പ്രഖ്യാപിച്ചാല്‍, വെള്ളിത്തിരയില്‍ വന്‍ ഹിറ്റായ രജനി-കമല്‍ സഖ്യം രാഷ്ട്രീയത്തിലുമുണ്ടാകുമോയെന്ന ചര്‍ച്ച തമിഴ്‌നാട്ടില്‍ ഏറെക്കാലമായുണ്ട്. ഇരുവരും ഇതുവരെ സഖ്യ സാധ്യത തള്ളിയിട്ടില്ല.

താന്‍ മുഖ്യമന്ത്രിയാകാനില്ലെന്നും യോഗ്യനായ ആളെ ആ കസേരയിലിരുത്തുകയാണു ലക്ഷ്യമെന്നും രജനി പ്രഖ്യാപിച്ചിരുന്നു. അതിനാല്‍, രജനി- കമല്‍ സഖ്യം പൂര്‍ണമായും തള്ളിക്കളയാനാവില്ല. ഡിഎംകെ, അണ്ണാഡിഎംകെ മുന്നണിയില്‍ അതൃപ്തരായ ചെറു കക്ഷികളേയും മക്കള്‍ നീതി മയ്യം ലക്ഷ്യമിടുന്നുണ്ട്. സഖ്യ കക്ഷികളുടെ കാര്യത്തില്‍ കൂടി തീരുമാനമായ ശേഷമായിരിക്കും പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകള്‍ തിരഞ്ഞെടുക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →