ജയിലിൽ കഴിയുന്ന സാമൂഹ്യ പ്രവർത്തകൻ ഗൗതം നവലാഖയ്ക്ക് കണ്ണട നിഷേധിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: ജയിലിൽ കഴിയുന്ന സാമൂഹ്യ പ്രവർത്തകൻ ഗൗതം നവലാഖയ്ക്ക് കണ്ണട നിഷേധിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് എസ്.എസ്. ഷിൻഡെ, ജസ്റ്റിസ് എം.എസ്. കാർണിക് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് പരാമർശം.

ഭീമ കൊറഗാവ് കേസിൽ മുംബെ തലോജ ജയിലിൽ തടവിലാക്കപ്പെട്ട സാമൂഹ്യ പ്രവർത്തകനാണ് ഗൗതം നവലാഖ. ജയിലിൽ വച്ച് കണ്ണട മോഷണം പോയതിനാൽ പകരം കണ്ണട നൽകാൻ ജയിൽ അധികൃതരോട് കുടുംബം അനുവാദം ചോദിച്ചിരുന്നു. കണ്ണടയില്ലെങ്കിൽ പൂർണമായും കാഴ്ച നഷ്ടമാകുന്ന അദ്ദേഹത്തിനായി കുടുംബം കണ്ണട സ്പീഡ് പോസ്റ്റായി അയച്ചു നൽകുകയും ചെയ്തു. എന്നാൽ ജയിൽ അധികൃതർ ഈ കണ്ണട സ്വീകരിക്കാൻ തയ്യാറായില്ല.

നവംബർ 27 ന് ജയിലിനുള്ളിൽ വച്ച് തന്റെ ഭർത്താവിന്റെ കണ്ണടകൾ മോഷ്ടിക്കപ്പെട്ടുവെന്ന് നവലാഖയുടെ ഭാര്യ സാഹാ ഹുസൈൻ പറയുന്നു. ഡിസംബർ 7 ന് പാർസൽ ജയിലിൽ എത്തിയെങ്കിലും അത് സ്വീകരിക്കാൻ അധികൃതർ വിസമ്മതിച്ചു, സാഹാ ഹുസൈൻ പറയുന്നു.

വിഷയത്തിൽ കബീർ കലാ മഞ്ച് എന്ന സാംസ്കാരിക സംഘടനയിലെ അംഗങ്ങളും ദേശീയ അന്വേഷണ ഏജൻസി ഇതേ കേസിൽ അറസ്റ്റു ചെയ്ത സാമൂഹ്യ പ്രവർത്തകരായ സാഗർ ഗോർഖെ, രമേശ് ഗെയ്‌ചോർ എന്നിവരും സമർപ്പിച്ച ഹർജികളാണ് ബെഞ്ച് പരിഗണിച്ചത്.

2018 ഒക്ടോബർ 1 ന് അറസ്റ്റിലായതു മുതൽ നവലാഖ തലോജ ജയിലിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →