സര്‍ക്കാര്‍ ഓഫീസില്‍ ശുചിമുറിയില്ല: ഭിന്നശേഷിക്കാരിയായ ജീവനക്കാരിയ്ക്ക് സെപ്റ്റിക് ടാങ്കില്‍ ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട് നാട്ടില്‍ സര്‍ക്കാര്‍ ഓഫീസില്‍ ശുചിമുറിയില്ലാത്തതിനെ തുടര്‍ന്ന് പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങിയ ഭിന്നശേഷിക്കാരിയായ ഉദ്യോഗസ്ഥ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു. തമിഴ്നാട് കാഞ്ചിപുരം അസിരിനഗര്‍ നിവാസി 24 കാരിയായ ശരണ്യ ആണ് മരിച്ചത്. കലകത്തൂര്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ ജൂനിയര്‍ അസിസ്റ്റന്റായിരുന്നു ശരണ്യ. ഓഫീസില്‍ ടോയ്ലറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ സമീപത്തെ ഒരു കെട്ടിടത്തിലെ ശുചിമുറിയില്‍ പോയ ശരണ്യ, കനത്തമഴയില്‍ വെള്ളം കെട്ടിയ ടോയ്ലറ്റിന് മുന്നിലെ സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു. വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ ഇത് ശ്രദ്ധയില്‍പ്പെടാതെ കാല് വച്ച ശരണ്യ, മുകളിലെ കോണ്‍ക്രീറ്റ് തകര്‍ന്ന് എട്ടടി താഴ്ചയുള്ള സെപ്റ്റിങ്ക് ടാങ്കിലേക്ക് വീഴുകയായിരുന്നു.

ശരണ്യയെ കാണാതെ സംശയം തോന്നിയ സഹപ്രവര്‍ത്തകര്‍ തിരക്കിയിറങ്ങിയപ്പോഴാണ് സെപ്റ്റിങ്ക് ടാങ്കില്‍ നിന്നും യുവതിയെ കണ്ടെത്തുന്നത്. സംഭവത്തെ തുടര്‍ന്ന് കാഞ്ചിപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തിന് പിന്നാലെ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പ്രതിഷേധവുമായി ശരണ്യയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഓഫീസില്‍ ടോയ്ലറ്റ് വേണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചെവിക്കൊണ്ടിരുന്നില്ല എന്നാണ് ഇവരുടെ ആരോപണം. എന്നാല്‍ ടോയിലറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ ജോലിക്ക് പോകാന്‍ പോലും ശരണ്യ മടിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →