തെരഞ്ഞെടുപ്പ്‌ പ്രചരണ സമാപനത്തിനിടെ സംഘര്‍ഷം, യുഡിഎഫ്‌ ‌ വനിത സ്ഥാനാര്‍ത്ഥിക്ക്‌ മര്‍ദ്ദനം

കോട്ടയം: തെരഞ്ഞടുപ്പ്‌ പ്രചരണത്തിന്റെ സമാപന സമ്മേളനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ യൂഡിഎഫിന്റെ വനിതാ സ്ഥാനാര്‍ത്ഥിക്ക്‌ മര്‍ദ്ദനമേറ്റു. കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗം സ്ഥാനാര്‍ത്ഥി ഫ്രൊഫസര്‍ റോസമ്മ സോണിയെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍ഡിഎഫ്‌ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ്‌ ബുധനാഴ്ച‌ (9.12.2020) അതിരമ്പുഴ പഞ്ചായത്തില്‍ കരിദിനം ആചരിക്കും.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ അതിരമ്പുഴ ചന്തക്ക്‌ സമീപമായിരുന്നു സംഭവം. ജില്ലാ പഞ്ചായത്ത്‌ അതിരമ്പുഴ ഡിവിഷനില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) ജോസ്‌ -ജോസഫ്‌ വിഭാഗങ്ങള്‍ തമ്മിലാണ്‌ മത്സരം. ജോസഫ്‌ വിഭാഗത്തിലെ പ്രൊഫര്‍ റോസമ്മ സോണിയും, ജോസ്‌ വിഭാഗത്തിലെ ബിന്ദു ബൈജു മാതിരമ്പുഴയുമാണ്‌ സ്ഥാനാര്‍ത്ഥികള്‍.

സ്ഥാനാര്‍ത്ഥിയുമായി എല്‍ഡിഎഫ്‌ പ്രകടനം ആദ്യം അതിരമ്പുഴ ചന്തയിലെത്തി. സമാപന സമ്മേളനത്തില്‍ തോമസ്‌ ചാഴികാടന്‍ എംപി പ്രസംഗം ആരംഭിച്ചു. ഇതിനിടെ പ്രൊഫസര്‍ റോസമ്മ സോണിയുടെ പര്യടനവും അതേസ്ഥലത്തെത്തി. അതോടെ ജംഗ്‌ഷനില്‍ ഗതാഗത കുരുക്കായി. ഇതിനിടെ എല്‍ഡിഎഫ്‌ -യുഡിഎഫ്‌ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കവും ബഹളവും ഉന്തും തളളും തുടങ്ങി. ഇതിനിടെയാണ്‌ റോസമ്മക്ക്‌ മര്‍ദ്ദനമേറ്റത്‌. പോലീസ്‌ സ്ഥലത്തുണ്ടായിരുന്നു.

പ്രസംഗിക്കാനൊരുങ്ങിയ ഫ്രൊഫര്‍ റോസമ്മ സോണിയെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ്‌ ബൈജു മാതിരമ്പുഴയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചുവെന്ന്‌ റോസമ്മയുടെ ഭര്‍ത്താവ്‌ കേരളാ കോണ്‍ഗ്രസ്‌ (എം) ജോസഫ്‌ വിഭാഗം സ്റ്റിയറിംഗ്‌ കമ്മറ്റിയംഗം ടിവി സോണി പറഞ്ഞു. പരിക്കേറ്റ റോസമ്മയെ ആശുപത്രിയിലെത്തിക്കാന്‍ പോലും പോലീസ്‌ തയ്യാറായില്ലെന്ന്‌ സോണി ആരോപിച്ചു.

ഫ്രഫൊസര്‍ റോസമ്മയെ ആരും മര്‍ദ്ദിച്ചതല്ലെന്നും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഉന്തിനും തളളിനുമിടെ ആരുടേയോ കൈകൊണ്ട്‌ പരിക്കേറ്റതാണെന്നും തോമസ്‌ ചാഴികാടന്‍ എംപി പറഞ്ഞു. എല്‍ഡിഎഫ്‌ യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടക്കണമെന്ന്‌ ചാഴികാടന്‍ ആവശ്യപ്പെട്ടു. സംഘഷത്തിനിടെ ദീപിക ഫോട്ടോഗ്രാഫര്‍ ടോജോ പി ആന്റണിയെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തു. സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങള്‍ക്കെതിരെയും പോലീസ്‌ കേസെടുത്തു.

യുഡിഎഫ്‌ ജില്ല ചെയര്‍മാന്‍ മോന്‍സ്‌ ജോസഫ്‌ ,മഹിളാ കോണ്‍ഗ്രസ്‌ സംസ്ഥാന അദ്ധ്യക്ഷ ലതിക സുബാഷ്‌ എന്നിവര്‍ മെഡിക്കല്‍ കോളേജില്‍ റോസമ്മയെ സന്ദര്‍ശിച്ചു.

അതിരമ്പുഴ പഞ്ചായത്തില്‍ പരാജയം ഉറപ്പായതിനെ തുടര്‍ന്ന്‌ ജോസ്‌ കെ മാണി വിഭാഗവും ഇടതുപക്ഷവും ചേര്‍ന്ന്‌ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി റോസമ്മ സോണിയെ ബോധപൂര്‍വ്വം ആക്രമിക്കുകയായിരുന്നെന്ന്‌ ജോസഫ്‌ വിഭാഗം വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പിജെ ജോസഫ്‌ എംഎല്‍എ ആരോപിച്ചു. അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്‍ഡിഎഫ്‌ അക്രമം അഴിച്ചുവിടുകയാണെന്ന്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എ പറഞ്ഞു. എല്‍ഡിഎഫിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന്‌ ജില്ലാ ചെയര്‍മാന്‍ മോന്‍സ്‌ ജോസഫ്‌ എംഎല്‍എ പറഞ്ഞു. ഡിസിസി പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്‌ , കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗം ജില്ലാ പ്രസിഡന്റ് ‌ സജി മഞ്ഞക്കടമ്പില്‍ എന്നിവര്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ വനിത കമ്മീഷന്‌ പരാതി നല്‍കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →