ശ്രീനഗര്‍: പാക് അധിനിവേശ കശ്മീരില്‍ നിന്ന് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ രണ്ട് പെണ്‍കുട്ടികളെ കൈനിറയെ സമ്മാനങ്ങളുമായി ഇന്ത്യൻ സൈന്യം മടക്കി അയച്ചു.
“വഴിതെറ്റിയാണ് ഞങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചത്. സൈനികര്‍ മര്‍ദ്ദിക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ വളരെ മാന്യമായാണ് അവര്‍ ഞങ്ങളോട് പെരുമാറിയത്. തിരികെ പോകാന്‍ സൈന്യം അനുവദിക്കില്ലെന്നാണ് കരുതിയത്. പക്ഷെ ഞങ്ങള്‍ ഇന്ന് തിരികെ മടങ്ങുകയാണ്. വളരെ നല്ല മനുഷ്യരാണ് ഇന്ത്യക്കാര്‍.” പെൺകുട്ടികളിലൊരാൾ പറഞ്ഞു.
അബ്ബാസ്പൂര്‍ സ്വദേശികളായ 17കാരിയായ ലൈബ സബൈറും സഹോദരി 13കാരിയായ സന സബൈറുമാണ് അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിച്ചത്. പെണ്‍കുട്ടികളെ രാജ്യത്തിന്റെ അതിഥികളായി പരിഗണിച്ച് സമ്മാനങ്ങളും മധുരപലഹാരവും നല്‍കിയാണ് സൈനികര്‍ ഇവരെ തിരികെ പാകിസ്ഥാനിലേക്ക് വിട്ടത്. പൂഞ്ചിലെ ചകന്‍ ദാ ബാഗ് ക്രോസിങ് പോയന്റില്‍ വെച്ചാണ് ഇന്ത്യ ഇവരെ പാക് സൈന്യത്തിന് കൈമാറിയത്. പൂഞ്ചില്‍ ഞായറാഴ്ച(06/12/2020) രാവിലെയാണ് പെണ്‍കുട്ടികള്‍ അതിര്‍ത്തി കടന്നത് നിയന്ത്രണരേഖയിലെ സൈനികരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇവരെ തടഞ്ഞ് കാര്യങ്ങള്‍ അന്വേഷിച്ചു. അതിര്‍ത്തി കടന്നത് അറിഞ്ഞില്ലെന്നായിരുന്നു പെണ്‍കുട്ടികള്‍ മറുപടി നല്‍കിയത്.

