ലൗ ജിഹാദ് കേസ് കൈകാര്യം ചെയ്യുന്നതിലും യുപിയില്‍ വിവേചനം

ലക്നൗ: ലൗ ജിഹാദ് കേസില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് രണ്ട് തരം നടപടിയെന്ന് റിപ്പോര്‍ട്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചതിന് ശേഷം ബറേലിയിലാണ് ലൗ ജിഹാദുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റ് നടന്നത്. ബറേലി ജില്ലയിലെ ദേവര്‍ണിയന്‍ പോലീസ് സ്റ്റേഷനില്‍ ശനിയാഴ്ചയാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ദേവര്‍ണിയന്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള ഷെരീഫ് നഗര്‍ ഗ്രാമത്തിലെ താമസക്കാരനായ ടിക്കാറാം നല്‍കിയ പരാതിയിലായിരുന്നു നടപടി. 21 കാരനായ പ്രതിക്ക് ഹിന്ദു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നും, ഇസ്ലാം മതം സ്വീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ലോക്ഡൗണ്‍ സമയത്ത് പെണ്‍കുട്ടിയെ പിതാവ് മറ്റൊരാള്‍ക്ക് വിവാഹം ചെയ്തു നല്‍കി. ഇതോടെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി. ഗ്രാമത്തിലെ ഉവൈഷ് അഹ്മദ് എന്ന് പേരായ യുവാവ് മകളെ പ്രണയിച്ച് പരിവര്‍ത്തനത്തിന് ശ്രമിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഉവൈഷ് അഹ്മദിനെതിരെ പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമ പ്രകാരവും ഐപിസി പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പ്രതിയെ ജയിലിലേക്ക് മാറ്റി.

അതേസമയം, ഞായറാഴ്ച പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയെന്ന പേരില്‍ മൊറാദാബാദ് സ്വദേശിയായ നവവരനും സഹോദരനും അറസ്റ്റിലായി. മൊറാദാബാദ് സ്വദേശികളായ റാഷിദ്, ഇയാളുടെ സഹോദരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമ പ്രകാരമാണ് നടപടി. എന്നാല്‍ താന്‍ സ്വന്തം ഇഷ്ട പ്രകാരമാണ് വിവാഹിതയായതെന്ന് പെണ്‍കുട്ടി പറഞ്ഞെങ്കിലും ഇത് കണക്കിലെടുക്കാതെയാണ് നടപടിയെന്നാണ് വിവരം. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് മൊറാദാബാദ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു പെണ്‍കുട്ടിയും റാഷിദുമായുള്ള വിവാഹം. വിവാഹത്തിന് മുന്‍പ് റാഷിദും സഹോദരനും ചേര്‍ന്ന് നിര്‍ബന്ധിപ്പിച്ച് പെണ്‍കുട്ടിയെ മതം മാറ്റിയിരുന്നതായാണ് മാതാവിന്റെ പരാതിയില്‍ പറയുന്നത്.

അതിനിടെ ബറേലിയില്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു സംഭവത്തില്‍ മതപരിവര്‍ത്തനത്തിനുശേഷം മകള്‍ ഒരു ഹിന്ദു പുരുഷനെ വിവാഹം കഴിച്ചുവെന്ന പിതാവിന്റെ പരാതി ബറേലി പോലീസ് സ്വീകരിച്ചില്ല. നിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ്, അതായത് സെപ്റ്റംബറില്‍ വിവാഹം കഴിച്ചുവെന്നത് അടിസ്ഥാനമാക്കിയാണ് കേസ് എടുക്കാത്തതെന്നാണ് പോലീസ് പറയുന്നത്. നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവര്‍ത്തനത്തിനെതിരെയുള്ള ഓര്‍ഡിനന്‍സില്‍ ശനിയാഴ്ചയാണ് യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഒപ്പുവെച്ചത്. ഓര്‍ഡിനന്‍സ് പ്രകാരം നിര്‍ബന്ധിത കൂട്ട മതപരിവര്‍ത്തന കേസുകളില്‍ മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →