ചണ്ഡീഗഡ്: കര്‍ഷകരുടെ ആവശ്യങ്ങളോട് നിര്‍വികാരമായി പ്രതികരിക്കുന്ന കേന്ദ്ര നിലപാടിനോട് പ്രതിഷേധിച്ച് പത്മശ്രീ അവാര്‍ഡ് തിരിച്ചുനല്‍കുമെന്ന് പ്രമുഖ പഞ്ചാബി കവി സുര്‍ജിത് പട്ടാര്‍. കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമത്തിനെതിരേ സമരം ചെയ്യുന്ന കർഷകർ നേരിടുന്ന അവഗണന തന്നെ വേദനിപ്പിച്ചതായി അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അത്യധികം വേദനയോടെയാണ് പത്മശ്രീ പുരസ്കാരം തിരിച്ചുനല്‍കുന്നതെന്നും സുര്‍ജിത് പട്ടാര്‍ പറഞ്ഞു.
2012ലാണ് ഇദ്ദേഹത്തിന് പത്മശ്രീ സമർപ്പിച്ചത്. ചണ്ഡീഗഢിലെ പഞ്ചാബി സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്ന സുർജിത് പട്ടാറിന് 1993ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിരുന്നു.
കരിനിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ തനിക്ക് ലഭിച്ച പരമോന്നത കായിക പുരസ്കാരം തിരിച്ചുനല്‍കുമെന്ന് ബോക്സിങ് ചാമ്പ്യനും ഖേല്‍രത്ന പുരസ്കാര ജേതാവുമായ വിജേന്ദര്‍ സിങ് പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പത്മവിഭൂഷണ്‍ പുരസ്കാരം തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ നിന്നടക്കമുള്ള പ്രമുഖ വ്യക്തികളും കായിക താരങ്ങളും ദേശീയ പുരസ്കാരങ്ങള്‍ തിരിച്ചുനൽകാനൊരുങ്ങുകയാണ്.