പത്തനംതിട്ട ജില്ലയിലെ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം വേഗത്തിലാക്കാന്‍ അധിക ടീമുകളെ നിയോഗിച്ചു

പത്തനംതിട്ട : ജില്ലയിലെ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം വേഗത്തിലാക്കാന്‍ നഗരസഭ തലത്തില്‍ ഒരു ടീമിനേയും പറക്കോട് ബ്ലോക്കില്‍ മൂന്നു ടീമുകളേയും മറ്റു ബ്ലോക്കുകളില്‍ രണ്ടു ടീമുകളേയും അധികമായി നിയോഗിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി.നൂഹ് പറഞ്ഞു. ബ്ലോക്ക്, നഗരസഭ റിട്ടേണിംഗ് ഓഫീസര്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തിയായി കഴിഞ്ഞു. നിലവില്‍ 8858 പേരാണ്  സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ലിസ്റ്റിലുള്ളത്. ഇന്ന്(ഡിസംബര്‍ 7) ഉച്ചകഴിഞ്ഞ് മൂന്നിനാണ് അവസാന ലിസ്റ്റ് ലഭിക്കുക. സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ജോലികള്‍ക്കായി പോകുന്നവരുടെ പിപിഇ കിറ്റ് അതത് താലൂക്ക് ആശുപത്രികളിലോ, പ്രവര്‍ത്തനം നടക്കുന്ന സിഎഫ്എല്‍ടിസികളിലോ സംസ്‌കരിക്കാം.

തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് എത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ഒരു പഞ്ചായത്തിലെ റിസര്‍വ് ഓഫീസര്‍മാര്‍ തീര്‍ന്നു പോയാല്‍ ബ്ലോക്ക് റിട്ടേണിംഗ് ഓഫീസറുടെ നിര്‍ദേശപ്രകാരം അടുത്ത പഞ്ചായത്തില്‍ നിന്നും ഓഫീസര്‍മാരെ എടുക്കാവുന്നതാണ്. വെബ് കാസ്റ്റിംഗ് ഉള്ള അഞ്ചു ബൂത്തുകളിലും വെബ്കാസ്റ്റിംഗ് നടക്കുന്നെന്ന് റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഉറപ്പു വരുത്തണം. ബ്ലോക്ക്, നഗരസഭ തലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു പ്രവര്‍ത്തിക്കണം. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന മാസ്‌ക്, ഗ്ലൗസ്, പിപിഇ കിറ്റ് എന്നിവ ബ്ലോക്കുതലത്തില്‍ ശേഖരിക്കുന്നതിനുള്ള സംവിധാനമൊരുക്കണം.

വിതരണ കേന്ദ്രത്തില്‍ വോട്ടിംഗ് മെഷീന്‍ പരിചയപ്പെടാനുള്ള കൗണ്ടര്‍, പോള്‍ മാനേജര്‍ ആപ്പ് പഠിക്കുന്നതിനുള്ള കൗണ്ടര്‍ തുടങ്ങിയവ സജ്ജീകരിക്കണം. തെരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ചെ ആറിന് മോക്ക് പോള്‍ ആരംഭിച്ച് ഏഴു മുതല്‍ പൊതുജനങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമൊരുക്കണം. ക്യൂ നില്‍ക്കുന്നതിന് സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ക്കിംഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാര്‍ ഉണ്ടായാല്‍ ഉടന്‍ പരിഹരിച്ച് വോട്ടെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനും അതതു ബ്ലോക്കുകളിലും നഗരസഭകളിലും ഇലക്ഷനുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും അടിയന്തരമായി പരിഹരിക്കുന്നതിനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കുന്നതിനും അതത് ബ്ലോക്ക് വരണാധികാരികളുടെ കീഴില്‍ നിയമിച്ച  ട്രബിള്‍ ഷൂട്ട് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു. എഡിഎം അലക്‌സ് പി. തോമസ്, അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.ഹരികുമാര്‍, ഡിഡിപി എസ്. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9384/Specal-postal-ballot-distribution-collector-meeting-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →