കൊച്ചി: 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ 2017ലെ ഭേദഗതിക്ക് മുമ്പ് നിര്‍മ്മിച്ച കെട്ടിടത്തിന് പെര്‍മിറ്റ് ലഭിക്കാന്‍ ആര്‍ഡിഒ യുടെ ക്രമപ്പെടുത്തല്‍ ഉത്തരവ് ആവശ്യമില്ലെന്ന് ഹൈക്കോടതി.
കേരള ഭൂവിനിയോഗ ഉത്തരവ് പ്രകാരം അനുമതി വാങ്ങാത്തതും റവന്യൂ രേഖകളില്‍ നിലം എന്നുണ്ടെങ്കിലും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതുമായ നികത്തുഭൂമിയില്‍ നിര്‍മ്മിച്ച കെട്ടിടത്തിനും ഇത് ബാധകമാണെന്ന് ജസ്റ്റീസ് എ മുഹമ്മദ് മുഷ്‌ത്താക്ക് വ്യക്തമാക്കി. നിര്‍മ്മാണാനുമതി തേടി നല്‍കിയ അപേക്ഷയില്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ തീരുമാനമെടുക്കാത്തത് ചോദ്യം ചെയ്‌ത് കടവന്ത്രയിലെ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ ട്രസ്‌റ്റ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്.
കേരള ഭൂവിനിയോഗ ഉത്തരവ് പ്രകാരം അനുമതി വാങ്ങാത്തതും റവന്യൂ രേഖകളില്‍ നിലം എന്നുണ്ടെങ്കിലും ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതുമായ ഭൂമി നികത്തി രൂപമാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ 2008 നിയമത്തിലെ സെക്ഷന്‍ 27 പ്രകാരം ആര്‍ഡിഒ യ്‌ക്ക് ക്രമപ്പെടുത്താന്‍ അപേക്ഷ നല്‍കാമെന്നാണ് ചട്ടം. ആര്‍ഡിഒയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അവിടെ വീടോ വാണിജ്യ സ്ഥാപനമോ മറ്റോ നിര്‍മ്മിക്കാന്‍ അനുമതി തേടാം. എന്നാല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്ന 2008 ആഗസ്‌റ്റ് 12 ന് മുമ്പ് നികത്തിയ ഭൂമി നിയമപരമായി ക്രമപ്പെടുത്താനുളള അവസരമൊരുക്കാനാണ് 2017ലെ ഭേദഗതി കൊണ്ടുവന്നത്.
ഭേദഗതി വരുന്നതുവരെ ഭൂവിനിയോഗ ഉത്തരവ് പ്രകാരം അനുമതി തേടി വേണമായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 2008ന് മുമ്പ് നികത്തിയ സ്ഥലത്തെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ആര്‍ഡിഒയുടെ ഉത്തരവ് ബാധകമല്ലെന്ന് രണ്ട് ഡിവിഷന്‍ ബെഞ്ച് ഉത്തരവുകള്‍ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.
എന്നാല്‍ 2017 ന് മുമ്പ് ഭൂവിനിയോഗ ഉത്തരവ് വാങ്ങാതെ നടത്തിയ നിര്‍മ്മാണത്തിനും ആര്‍ഡിഒയുടെ ക്രമപ്പെടുത്തല്‍ വേണ്ട. അതേ സമയം 2017ലെ ഭേദഗതിക്ക് മുമ്പ് നിര്‍മ്മിച്ചതിനേക്കാള്‍ കൂടുതല്‍ അളവിലുളള നിര്‍മ്മാണത്തിനോ പുനര്‍നിര്‍മ്മാണത്തിനോ ആണ് അപേക്ഷ നല്‍കിയിട്ടുളളതെങ്കില്‍ ശേഷിക്കുന്ന ഭാഗത്തിന് ക്രമപ്പെടുത്തല്‍ ഉത്തരവ് ആവശ്യപ്പെടാം. ഇക്കാര്യം പരിശോധിച്ചുവേണം അനുമതി നല്‍കാന്‍.

