ലൈഫ്‌ മിഷന്‍ കോഴ അന്വേഷണം സര്‍ക്കാരിലേക്ക്‌ തിരിക്കാനൊരുങ്ങി സിബിഐ

തിരുവനന്തപുരം: സിബിഐ അന്വേഷിക്കുന്ന ലൈഫ്‌മിഷന്‍ കോഴക്കേസിലും ശിവശങ്കര്‍ പ്രതിയായേക്കും. സ്വപ്‌നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരുകോടി രൂപ ലൈഫ്‌ മിഷന്‍ ഇടപാടില്‍ നിര്‍മ്മാണ കമ്പനിയായ യൂണിടാക്‌ ശിവശങ്കറിന്‌ നല്‍കിയ കോഴയാണെന്ന്‌ എന്‍ഫോഴ്‌സ്‌ മെന്റ് ഡയറക്ട്രേറ്റ്‌ ഹൈക്കോടതിയെ അറിയിച്ചതോടെയാണ്‌ കേസിലെ ഈ വഴിത്തിരിവ്‌. ലൈഫ്‌ മിഷനിലെ അന്വേഷണത്തിന്‌ ഹൈക്കോടതി ഏര്‍പ്പെടുത്തിയിരുന്ന രണ്ടുമാസത്തെ വിലക്ക് ഡിസംബര്‍ 13 ന്‌ തീരും. ഇതോടെ ലൈഫ്‌ കോഴയില്‍ അന്വേഷണം സര്‍ക്കാരിലേക്ക്‌ തിരിക്കാന്‍ ഒരുങ്ങുകയാണ്‌ സിബിഐ.

വിദേശ സഹായ നിയന്ത്രണ ചട്ടം (എഫ്‌സിആര്‍എ) ലംഘിച്ച എമിറേറ്റ്‌ റെഡ്‌ ക്രസന്റില്‍ നിന്ന്‌ സ്വീകരിച്ച 20 കോടിയില്‍ 4.48 കോടിയുടെ കോഴ ഐഎഎസ്‌ ഉദ്യോഗസ്ഥനടക്കം പങ്കുവച്ചെന്നാണ്‌ സിബിഐ നിലപാട്‌. യൂണിടാക്‌ കമ്പനിയുടമ സന്തോഷ്‌ ഈപ്പന്‍ സ്വപ്‌നവഴി 99,900 രൂപ വിലയുളള ഐഫോണ്‍-11 പ്രോ ശിവശങ്കറിന്‌ നല്‍കിയതും, കോഴയാണെന്നും വടക്കാഞ്ചേരിക്കു പുറമേ മറ്റുപദ്ധതികളിലും ശിവശങ്കറും സ്വപ്‌നയും നടത്തിയ ക്രമക്കേടുകളും ടെന്ററിന്‌ മുമ്പ്‌ വിവരങ്ങള്‍ കമ്പനിക്ക്‌ ചോര്‍ത്തി നല്‍കിയതും ഇഡി കണ്ടെത്തിയിട്ടുണ്ട്. ലൈഫിലെ 36 പദ്ധതികളില്‍ 26 ഉം രണ്ടു കമ്പനികള്‍ക്കുമാത്രം ലഭിച്ചതിനെ ക്കുറിച്ചും അന്വേഷണമുണ്ട്‌.

ശിവശങ്കറിനുളള കോഴയായി ഒരുകോടി രൂപ ഖാലിദാണ്‌ സ്വപ്‌നയ്ക്ക് ‌ നല്‍കിയതെന്നണ്‌ കണ്ടെത്തല്‍. നിര്‍മ്മാണ കമ്പനി നല്‍കിയ കോഴ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ജനസേവകര്‍ക്കും ഉള്‍പ്പടെ വീതം വച്ചതായി സിബിഐ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഐഎഎസ്‌ ഉദ്യോഗസ്ഥന്‍ കോഴയിടപാടിനറെ ഭാഗമായതിനാല്‍ വിദേശ സഹായ നിയന്ത്രണ ചട്ടലംഘനത്തിനൊപ്പം അഴിമതി വിരുദ്ധ നിയമം കൂടി ചുമത്തി സിബിഐ എഫ്‌ഐആര്‍ ഭേതഗതി ചെയ്യും. വിദേശ സഹായ നിയന്ത്രണ ചട്ടലംഘനം അന്വേഷിക്കാന്‍ സിബിഐക്ക്‌ മാത്രമാണ്‌ അധികാരമെന്നതിനാല്‍ വിജിലന്‍സ്‌ അന്വേഷണം അപ്രസക്തമാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →