പ്രകൃതിക്ഷോഭ സാധ്യത; മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതം

കോട്ടയം: ന്യൂനമര്‍ദ്ദം മൂലം കോട്ടയം ജില്ലയിലെ ഭൂരിഭാഗം മേഖലകളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന്  മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ ബുള്ളറ്റിനുകള്‍ പ്രകാരം ജില്ലയുടെ തെക്കു കിഴക്കന്‍ മേഖലയിലാണ് കാറ്റ് കൂടുതല്‍ ശക്തമാകുക. ചില കേന്ദ്രങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ അറുപതു കിലോമീറ്ററിനു മുകളിലായിരിക്കും. 

കുമരകം മേഖലയില്‍ കഴിഞ്ഞ മാസം നാശനഷ്ടം വിതച്ച കാറ്റിന്റെ സ്വഭാവം കൂടി വിലയിരുത്തിയുള്ള നടപടികളാണ് പുരോഗമിക്കുന്നത്. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം വിലയിരുത്തി. ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

താലൂക്ക് തല ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സംവിധാനവും തദ്ദേശഭരണ സ്ഥാപനങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികളും പോലീസ്, അഗ്‌നിരക്ഷാ സേന, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളും വൈദ്യുതി ബോര്‍ഡും ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതും ശിഖരങ്ങള്‍ വെട്ടുന്നതും ഉള്‍പ്പെടെയുള്ള ജോലികള്‍ ഇന്ന്(ഡിസംബര്‍ 3) ഉച്ചയോടെ പൂര്‍ത്തീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

അടിയന്തര സാഹചര്യത്തില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിന് ജില്ലയിലെ എല്ലാ താലൂക്കുകളിലും ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. ക്യാമ്പുകളിലേക്ക് മാറുന്നതിന് ജനങ്ങള്‍ സജ്ജരായിരിക്കണമെന്ന് മലയോര മേഖലകളില്‍ മൈക്ക് അനൗണ്‍മെന്റ് മുഖേന അറിയിക്കുന്നുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 163  ക്യാമ്പുകളാണ് ഒരുക്കിയിട്ടുള്ളത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9329/Burevi;-Kottayam.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →