കൊല്ലം ജില്ലയിലെ അപകട സാധ്യതകള്‍ നിരീക്ഷിക്കാന്‍ എന്‍ ഡി ആര്‍ എഫ് സംഘമെത്തി

കൊല്ലം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന്  ജില്ലയിലെ തീരദേശ-മലയോര മേഖലകളിലെ അപകട  സാധ്യതകള്‍ നേരിട്ട് വിലയിരുത്താന്‍ ഇരുപത് പേരടങ്ങുന്ന നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ്(എന്‍ ഡി ആര്‍ എഫ്) സംഘമെത്തി. ഡിസംബര്‍ ഒന്നിന് കൊട്ടാരക്കരയിലെ കിലയിലെത്തി ക്യാമ്പ് ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ സേനാംഗങ്ങള്‍ തെന്മല ഡാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

ദുരന്ത നിവാരണ സേന അസിസ്റ്റന്റ് കമാന്‍ഡന്റ് ഡി. മനോജ് പ്രഭാകര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസാറുമായി ഇന്നലെ കൂടികാഴ്ച നടത്തി.ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയുള്ള എ ഡി എം പി. ആര്‍. ഗോപാലകൃഷ്ണന്‍, ജൂനിയര്‍ സൂപ്രണ്ട് അസീം സേട്ട് തുടങ്ങിയവരും പങ്കെടുത്തു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സജ്ജമാക്കിയ മുന്നൊരുക്കങ്ങളും ദുരന്ത സാധ്യതയുള്ള മേഖലകളുടെ വിവരങ്ങളും കലക്ടര്‍  കമാന്‍ഡറുമായി ചര്‍ച്ച ചെയ്തു. തുടര്‍ന്ന് മണ്‍ട്രോതുരുത്തും ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളും സന്ദര്‍ശിച്ച ശേഷം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലും എന്‍ ഡി ആര്‍ എഫ് പ്രതിനിധികള്‍ പങ്കെടുത്തു.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശാനുസരണം വരും ദിവസങ്ങളില്‍ എന്‍ ഡി ആര്‍ എഫ് സംഘം   സാഹചര്യങ്ങള്‍ നിരീക്ഷിച്ച് പ്രവര്‍ത്തനം നടത്തും. ഇടുക്കി പെട്ടിമുടിയിലേയും പുതുച്ചേരിയിലേയും ദുരന്തമുഖങ്ങളില്‍ പ്രവര്‍ത്തിച്ച സേനാംഗങ്ങളാണ് ജില്ലയിലെത്തിയത്. തീരദേശ മേഖലകളായ ശക്തികുളങ്ങര, അഴീക്കല്‍, ഓച്ചിറ, എന്നീ സ്ഥലങ്ങളും ആദിച്ചനല്ലൂരും സേന വരും ദിവസങ്ങളില്‍ സന്ദര്‍ശിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →