കണ്ണൂര്‍: കണ്ണൂരിലെ ഗതാഗത കുരുക്കഴിക്കാനുളള വിവിധ പദ്ധതികളുമായി ഇടത് പ്രകടന പത്രിക. തെക്കീബസാറിലെ തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഇ പി ജയരാജന് പത്രിക പ്രകാശനം ചെയ്തു. എന്‍ ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ഫ്ളൈ ഓവറിന്റെ അന്തിമ അലൈന്‍മെന്റായെന്ന് പത്രികയില്‍ പറയുന്നു. പരിസ്ഥിതി ആഘാത പഠന റിപ്പോട്ട് ഈ മാസം അവസാനത്തോടെ സമര്‍പ്പിക്കും. സ്ഥലമേറ്റെടുപ്പിനാവശ്യമായ നടപടികളും പൂര്‍ത്തിയായി വരുന്നു.
കിഫ്ബി 130.87 കോടിരൂപയാണ് ഫ്ളൈഓവര്‍ നിര്‍മ്മാണത്തിനായി നല്‍കിയത്. സര്‍വീസ് റോഡുകള്‍ക്ക് സ്ഥലമേറ്റെടുക്കുന്നതിനുള്പ്പടെയാണിത്. ഫ്ളൈഓവറും നഗരത്തിലെ വികസനത്തിനായുളള 740 കോടിയുടെ പദ്ധതികളും പൂര്‍ത്തിയാകുന്നതോടെ കണ്ണൂര്‍ ആധുനീക നഗരങ്ങളുടെ ഗതാഗതസൗകര്യങ്ങളിലേക്കുയരും. സാങ്കേതിക നടപടിക്രമം പൂര്‍ത്തിയാക്കി നിര്‍മ്മാണത്തിലേക്ക് കടക്കുന്ന പദ്ധതി കണ്ണൂരിന്റെ മുഖച്ഛായ മാറ്റുമെന്നും പത്രിക പറയുന്നു.
കണ്ണൂര്‍, കണ്ണൂര്‍ സൗത്ത് , എടക്കാട് എന്നീ റയില്‍വേ സ്റ്റേഷനുകളുടെ ഭൗതീക സാഹചര്യം വളര്‍ത്തുന്നതിന് കോര്പ്പറേഷന് ഫണ്ട് നല്‍കും. മോണോ റയില്‍വേയുടെ സാധ്യതയും പഠിക്കും. മട്ടന്നൂര്‍ വിമാനത്താവളം, തലശ്ശേരി തളിപ്പറമ്പ് എന്നീ നഗരങ്ങളെ സംബന്ധിച്ചുളള പദ്ധതിക്കായി സമ്മര്‍ദ്ദം ചെലുത്തും. കൊച്ചി കോര്പ്പറേഷന് മാതൃകയില്‍ ഇന്റഗ്രേറ്റഡ് ട്രാഫിക്ക് മാനേജ്മെന്റ് സിസ്റ്റം കെല്‍ട്രോണിന്റെ സഹായത്തോടെ കോര്‍പ്പറേഷനിലുടനീളം നടപ്പിലാക്കും.
കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് തരിശ് രഹിത കോര്പ്പറേഷന്, കൈപ്പാട് പ്രദേശത്ത് നെല്ലും മീനും പദ്ധതി, എന്നിവ നടപ്പിലാക്കും. ആധുനീക മത്സ്യ മാര്‍ക്കറ്റുകള്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിക്കും മാപ്പിളബേ ആധുനീകവല്‍ക്കരിക്കാന്‍ ഇടപെടലുകള്‍ നടത്തും.

