തൃശൂര്‍: വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിൻ്റെ മണ്ഡലമായ പുതുക്കാട് ചെമ്പുച്ചിറ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കെട്ടിടത്തിന്‍റെ നിര്‍മാണത്തിലെ അപാകതയെ കുറിച്ചുള്ള പരിശോധന റിപ്പോര്‍ട്ട് ഉടന്‍ തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് കിഫ് ബി ഉദ്യോഗസ്ഥര്‍. കെട്ടിടത്തിൻ്റെ ഉറപ്പ് ഉപകരണങ്ങളുടെ സഹായത്തോടെ കിഫ് ബി സംഘം പരിശോധിച്ചു.
കിഫ് ബി യുടെ 3 കോടി രൂപ ഉപയോഗിച്ച് പണിയുന്ന കെട്ടിടമാണ് പരിശോധിച്ചത്. നിർമാണ പിഴവുണ്ടെന്നും മേല്‍ക്കൂരകളും ചുമരുകളും തൊട്ടാല്‍ അടര്‍ന്നു വീഴുന്ന അവസ്ഥയിലാണെന്നും നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കെട്ടിട നിര്‍മ്മാണത്തിലെ ക്രമക്കേടിനെ കുറിച്ച് വാർത്തകൾ വന്നതോടെ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്ന് പ്രദേശവാസികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു
കെട്ടിടത്തിൻ്റെ നിര്‍മാണത്തിലെ ക്രമക്കേടിനെ കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നേരത്തെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറി മുമ്പാകെയാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിശദമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. മന്ത്രിയ്ക്കെതിരെ കേസെടുക്കണെന്നാവശ്യപ്പെട്ട് ബിജെപിയും വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്.
ചെമ്പൂച്ചിറ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കിഫ്ബിയുടെ 3 കോടി രൂപയും എംഎല്‍എ ഫണ്ടില്‍ നിന്നും 87 ലക്ഷം രൂപയും ചെലവഴിച്ചാണ് പുതിയ കെട്ടിടം പണിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം നിര്‍വഹിച്ച വിദ്യാലയമാണ് ഇത്.

