കട്ടപ്പന: കര്‍ഷക റാലിയെ കിരാത മുറകളാല്‍ നേരിടുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്‌മ കട്ടപ്പനയില്‍ പ്രതിഷേധം നടത്തി. സാംസ്ക്കാരിക സംഘടനയായ ദര്‍ശനയുടെ നേതൃത്വത്തില്‍ കട്ടപ്പന ഗാന്ധിസ്‌ക്വയറില്‍ നടന്ന പ്രതിഷേധം ജനശക്തി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി ഫിലിപ്പ് ഉദ്‌ഘാടനം ചെയ്‌തു.
പരമ്പരാഗതമായി കൃഷി ചെയ്‌ത് ജീവിക്കുകയും രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന കര്‍ഷക ലക്ഷങ്ങള്‍ക്ക് ദോഷകരമായ കരിനിയമങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ നിലനില്‍പ്പിനായി സമര രംഗത്തിറങ്ങുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും, കര്‍ഷക റാലിയെ കേന്ദ്രസര്‍ക്കാര്‍ കിരാത മുറകളാല്‍ നേരിടുന്നതിനെതിരെയും ആയിരുന്നു പ്രതിഷേധം.
അന്നം വിളയിക്കുന്ന കര്‍ഷകരെ സംരക്ഷിച്ച് ആദരിക്കുന്നതിന് പകരം നിലനില്‍പ്പ് അപകടത്തിലാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യം ഒന്നടങ്കം അണിനിരക്കുന്ന കാലമാണ് വരാനിരിക്കുന്നതെന്ന് ഉദ്‌ഘാടകന്‍ മുന്നറിയിപ്പുനല്‍കി. സമരത്തിന് ദര്‍ശന ചെയര്‍മാന്‍ ഇജെ ജോസഫ്, എംബി രാജശേഖരന്‍, രവികുമാര്‍, ടെസി രാജശേഖരന്‍, തോമസ് ഉമ്മന്‍ ആര്‍ മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.