മോദി മത്സരിക്കുന്നു; പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക്

പത്തനംതിട്ട: മോദി അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിക്കുന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മലയാലപ്പുഴ ഡിവിഷനിലാണ് സി പി എം സ്ഥാനാര്‍ത്ഥിയായി മോദി മത്സരിക്കുന്നത്. എന്നാൽ മുഴുവൻ പേര് ജിജോ മോദി എന്നാണ്.

സി പി എം കോന്നി താഴം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് ജിജോ മോദി. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റിലാണ് അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ ജിജോ മോഡി പോരിനിറങ്ങുന്നത്.

പൊതുപ്രവര്‍ത്തനത്തിൽ ഇറങ്ങുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകനായിരുന്നു മോദി. സ്വകാര്യ ചാനല്‍ സംപ്രേഷണം നിര്‍ത്തിയതോടെയാണ് മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനായത്.

ജില്ലാപഞ്ചായത്തിലേക്കുള്ള മത്സരത്തില്‍ സ്ഥാനാര്‍ത്ഥിയുടെ പേരിലെ കൗതുകം രസകരമാകുന്നുണ്ടെന്ന് ജിജോ മോദി പറയുന്നു. വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുമ്പോൾ പലര്‍ക്കും പേര് അത്ഭുതമാണ്.

വോട്ടർമാരുടെ ഈ അത്ഭുതം വിജയം നേടിത്തരുമെന്നാണ് ജിജോ മോദി പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിലെ സാമുവല്‍ കിഴക്കുപുറത്താണ് എതിര്‍ സ്ഥാനാര്‍ത്ഥി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →